സാമൂഹിക സാംസ്കാരിക സംഘടനയായ ദിശ 10ാമത് അന്താരാഷ്ട്ര യോഗദിനാഘോഷങ്ങളുടെ ഭാഗമായി ‘ദിശ യോഗ മീറ്റ് 2024’ സംഘടിപ്പിച്ചു. റിയാദിലും കിഴക്കൻ പ്രവിശ്യയിൽ ദമ്മാമിലും സംഘടിപ്പിച്ച വിപുല പരിപാടികളിൽ നേപ്പാൾ, ബംഗ്ലാദേശ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരും സാമൂഹിക പ്രവർത്തകരും സാമൂഹിക നേതാക്കളും യോഗ പരിശീലകരും ഉൾപ്പെടെ നിരവധി ആളുകൾ പങ്കെടുത്തു.
സൗദി അറേബ്യയിലെ കായിക മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഒളിമ്പിക് കമ്മിറ്റിയുടെ ഭാഗമായ സൗദി യോഗ കമ്മിറ്റിയുമായി സഹകരിച്ച് സംഘടിപ്പിച്ച പരിപാടികൾ അന്താരാഷ്ട്ര യോഗ പ്രോട്ടോക്കോൾ അനുസരിച്ചുള്ള യോഗ പ്രകടനങ്ങളോടെ ആരംഭിച്ചു. തുടർന്ന് വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ചുള്ള കലാരൂപങ്ങളും അരങ്ങേറി. ദിശ സൗദി നാഷനൽ പ്രസിഡൻറ് കനകലാൽ അധ്യക്ഷത വഹിച്ചു. സൗദിയിലെ നേപ്പാൾ അംബാസഡർ നവരാജ് സുബേദി ഉദ്ഘാടനം ചെയ്തു.
സൗദി യോഗ കമ്മിറ്റി ബോർഡ് അംഗം ദുഅ അൽഅറബി മുഖ്യപ്രഭാഷണം നടത്തി. ബംഗ്ലാദേശ് എംബസി ഫസ്റ്റ് സെക്രട്ടറി, പ്രസ്, കൾചർ ആൻഡ് എജുക്കേഷൻ സെക്രട്ടറി ആസാദുസ്സമാൻ ഖാൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. അറബ് യോഗ ഫൗണ്ടേഷൻ പ്രതിനിധി ഹൈഫ അലാതികി, സൗദി യോഗ കമ്മിറ്റി പ്രതിനിധി നീരാൻ അൽ ഒമ്രാൻ, ഡോ. അൻവർ ഖുർഷീദ്, ശിഹാബ് കൊട്ടുകാട്, വി. ഉണ്ണികൃഷ്ണൻ, ആർടി ഗിരിലാൽ എന്നിവർ സംസാരിച്ചു. യോഗ പ്രോട്ടോക്കോൾ ഡോ. മീര അവതരിപ്പിച്ചു. എം.ജെ. സജിൻ, ഹൈഫ അലാതികി, ഭസ്മ വഹ്ബി എന്നിവർ പ്രോട്ടോക്കോൾ പ്രദർശനത്തിന് നേതൃത്വം നൽകി. കലോത്സവത്തിന് പദ്മിനി യു. നായർ നേതൃത്വം നൽകി.
ദമ്മാമിൽ നടന്ന ആഘോഷത്തിൽ ദിശ നാഷനൽ ജനറൽ സെക്രട്ടറി രാജേന്ദ്രൻ ചെറിയാൽ അധ്യക്ഷത വഹിച്ചു. സൗദി യോഗ കമ്മിറ്റി വൈസ് ചെയർമാൻ അല ജമാൽ അലൈൽ മുഖ്യാതിഥിയായിരുന്നു. അറബ് യോഗ ഫൗണ്ടേഷൻ പ്രതിനിധി ഹവാ അൽ ദാവൂദ്, നേപ്പാൾ എംബസി പ്രതിനിധി നാരായൺ പാസ്വാൻ, എൻ ആൻഡ് ടി കൺട്രി ജോയൻറ് ജനറൽ മാനേജർ സമീർ അൽ ഉമൈറിൻ, സാമിൽ ഷിപ്യാർഡ് ജനറൽ മാനേജർ അൽസ്റ്റർ ബിസ്സറ്റ്, ദമ്മാം ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ ചെയർമാൻ സനോജ് പിള്ളൈ, ജുബൈൽ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ പ്രതിനിധി ആർ.ടി.ആർ. പ്രഭു, ദിശ ദമ്മാം റീജനൽ കോഓഡിനേറ്റർ പ്രമോദ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ ദിശ നാഷനൽ അഡ്വൈസർ ഗണേഷ് ബാബു അതിഥികൾക്കുള്ള ഉപഹാരങ്ങൾ സമർപ്പിച്ചു.