ലോകവുമായുള്ള സൗദി അറേബ്യയുടെ വ്യാപാരത്തിനും സാംസ്കാരിക കൈമാറ്റത്തിനും അടിസ്ഥാനമിട്ടത് ആദ്യ രാജ്യ തലസ്ഥാനമായിരുന്ന ദറഇയ ആണെന്ന് സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ പ്രത്യേക ഉപദേഷ്ടാവും കിങ് അബ്ദുൽ അസീസ് ഫൗണ്ടേഷൻ ഡയറക്ടർ ബോർഡ് ചെയർമാനുമായ അമീർ ഫൈസൽ ബിൻ സൽമാൻ പറഞ്ഞു.
ദറഇയ അന്താരാഷ്ട്ര ഫോറത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗദി രാഷ്ട്രത്തിന്റെ ആവിർഭാവത്തിൽ ദറഇയ എന്ന പഴയ നഗരത്തിന് നിർണായക പങ്കാണുണ്ടായിരുന്നത്. ദറഇയ അന്താരാഷ്ട്ര ഫോറം ഭൂതകാലത്തെ രേഖപ്പെടുത്തുന്നതിൽ ഒതുങ്ങുന്നില്ല. മറിച്ച് വർത്തമാനകാലത്തെ രൂപപ്പെടുത്തുന്നതിലും ഭാവിയെ മുൻകൂട്ടിക്കാണുന്നതിലും ദറഇയയുടെ പങ്കിനെക്കുറിച്ച് വെളിച്ചം വീശാനും ഫോറം ശ്രമിക്കുന്നു.
സഞ്ചാരവർത്തകക്കൂട്ടങ്ങൾ (കാരവൻ റൂട്ടുകൾ) സംഗമിക്കുകയും സംസ്കാരങ്ങൾ കൂടിച്ചേരുകയും ചെയ്യുന്ന വ്യാപാര പാതകളുടെ ഹൃദയമിടിപ്പായി ദറഇയ മാറിയിരുന്നെന്നും അമീർ ഫൈസൽ ബിൻ സൽമാൻ പറഞ്ഞു.