തൊഴിലാളികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ആരോഗ്യപരിരക്ഷ ഏർപ്പെടുത്തുന്നതിൽ വീഴ്ച വരുത്തിയ നിരവധി തൊഴിലുടമകൾക്ക് പിഴ ചുമത്തി സൗദി ഇൻഷുറൻസ് കൗൺസിൽ.ജീവനക്കാർക്കും അവരുടെ ആശ്രിതർക്കും ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തണം എന്ന വ്യവസ്ഥ ലംഘിച്ചതായി കണ്ടെത്തിയ രാജ്യത്തെ മുഴുവൻ തൊഴിലുടമകൾക്കും അത് പരിഹരിച്ച് പദവി ശരിയാക്കാൻ നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. പലതവണ മുന്നറിയിപ്പ് ആവർത്തിച്ചു. എന്നിട്ടും പാലിക്കാത്തവർക്കെതിരെയാണ് ഇപ്പോൾ വലിയ സാമ്പത്തിക പിഴയുൾപ്പടെയുള്ള നടപടി സ്വീകരിച്ചത്.
ആരോഗ്യ ഇൻഷുറൻസ് നിയമത്തിലെ ആർട്ടിക്കിൾ 14 പ്രകാരം തൊഴിൽ ദാതാവ് തന്റെ കീഴിലുള്ള ജീവനക്കാർക്ക് ഇൻഷുറൻസ് പോളിസി എടുത്തുനൽകണം. ജീവനക്കാർക്ക് അവരുടെ കുടുംബാംഗങ്ങൾ ഒപ്പമുണ്ടെങ്കിൽ അവർക്കും. ഇൻഷുറൻസ് എടുക്കുകയും അതിന്റെ വാർഷിക പ്രീമിയം അടയ്ക്കുന്നത് തുടരുകയും ചെയ്യുന്നില്ലെങ്കിൽ ഓരോർത്തർക്കും എത്ര തുകയാണോ വാർഷിക വരിസംഖ്യ അതിന് തുല്യമായ തുക പിഴയായി അടക്കാൻ ബാധ്യസ്ഥനാണെന്നാണ് ആർട്ടിക്കിൾ 14 നിയമം അനുശാസിക്കുന്നത്. പ്രീമിയം തുക കുടിശ്ശികയും ഒപ്പം ഈ പിഴയും അടയ്ക്കാൻ തൊഴിലുടമ ബാധ്യസ്ഥനായി മാറും. മാത്രമല്ല ഇങ്ങനെ നിയമം ലംഘിക്കുന്നവരെ താൽക്കാലികമായോ സ്ഥിരമായോ തൊഴിലാളി റിക്രൂട്ട്മന്റെിൽനിന്നും വിലക്കാനും നിയമമുണ്ട്.
ആരോഗ്യ ഇൻഷുറൻസിന്റെ ഗുണഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ചട്ടക്കൂടിലാണ് ഈ നടപടികൾ വരുന്നത്.നിർബന്ധിത ആരോഗ്യ പരിരക്ഷ നടപ്പാക്കുന്നതിന് ചുമതലപ്പെട്ട നിയമപരമായ സ്ഥാപനമാണ് ഇൻഷുറൻസ് കൗൺസിൽ. ഗുണഭോക്താക്കൾക്ക് പൂർണമായ പരിചരണത്തിനും സംരക്ഷണത്തിനുമുള്ള അവരുടെ അവകാശങ്ങൾ ഉയർന്ന ഗുണനിലവാരത്തിൽ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഇൻഷുറൻസ് കൗൺസിൽ പ്രവർത്തിക്കുന്നു. രാജ്യത്തെ ഇൻഷുറൻസ് കമ്പനികളെ ഇതിന് പ്രാപ്തരാക്കാൻ ആവശ്യമായ പ്രവർത്തനങ്ങളും കൗൺസിലിൽനിന്നുണ്ടാവും.