ജിദ്ദാ ടവറിന്റെ നിർമാണം തുടങ്ങി, ലക്ഷ്യം ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്ന റെക്കോഡ്

ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്ന റെക്കോഡ് നേടാൻ ജിദ്ദാ ടവറിന്റെ നിർമാണം തുടങ്ങി. 157 നിലകളുള്ള കെട്ടിടത്തിന് ഒരു കിലോമീറ്ററായിരിക്കും ഉയരം. പാതിയോളം നിർമാണം മാത്രം നടന്ന ജിദ്ദ ടവറിൽ വെച്ച് വലീദ് ഇബ്‌നു തലാൽ രാജകുമാരനാണ് നിർമാണത്തിന് തുടക്കമിട്ടത്. മൂന്നര വർഷം കൊണ്ടാണ് ബുർജ് ജിദ്ദ എന്ന ജിദ്ദ ടവറിന്റെ നിർമാണം പൂർത്തിയാക്കുക. പണി പൂർത്തിയാവുന്നതോടെ ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമെന്ന് റെക്കോഡ് ഇതിനായിരിക്കും. ഏഴു വർഷത്തിനുശേഷം ബിൻലാദൻ ഗ്രൂപ്പിന് ലഭിക്കുന്ന ഏറ്റവും വലിയ കരാറാണിത്. 720 കോടി റിയാലാണ് ബിൻലാദൻ കമ്പനിക്ക് നിർമാണത്തിന് ലഭിക്കുക.

നിലവിൽ ജിദ്ദ ടവറിന്റെ 67 നിലകൾ പൂർത്തിയായിട്ടുണ്ട്. വിവിധ കാരണങ്ങളാൽ നേരത്തെ നിർത്തി വെച്ചതായിരുന്നു നിർമാണം. കെട്ടിടത്തിന്റെ 28ാം നിലയിൽ വെച്ച് ഇന്ന് നിർമാണത്തിന് തുടക്കം കുറിച്ചു. ടവറിന്റെ ഉടമസ്ഥാവകാശം ജിദ്ദ ഹോൾഡിങ് കമ്പനിക്കാണ്. സൗദി കോടീശ്വരനായ വലീദ് ഇബ്‌നു തലാലിന്റെ കിങ്ഡം ഹോൾഡിങിന് കീഴിലുള്ള കമ്പനിയാണിത്. നോർത്ത് അബ്ഹുർ മേഖലയിലാണ് നിർമാണം പുരോഗമിക്കുന്നത്. കെട്ടിടത്തിന്റെ ഭാഗമായിട്ടുള്ള കുടിവെള്ള ലൈനുകൾ, മാലിന്യ സംസ്‌കരണ പദ്ധതി, വെള്ളപ്പൊക്കം ഒഴിവാക്കാനുള്ള സംവിധാനം എന്നിവ നേരത്തെ പൂർത്തിയാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *