കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഇന്ന് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് സൗദി അറേബ്യ

റിയാദ് : മഴയ്ക്ക് മുന്നോടിയായി സ്കൂളുകളും മറ്റും അടപ്പിച്ച് ജാഗ്രത പുലർത്തി സൗദി അറേബ്യ. കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് സൗദി അറേബ്യയിലെ ജിദ്ദയില്‍ സ്‍കൂളുകള്‍ക്കും സര്‍വകലാശാലകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ് . ജിദ്ദ വിദ്യാഭ്യാസ ഡയറക്ടറേറ്റാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്. ജിദ്ദ, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയായിരിക്കും.

ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ട് പ്രകാരം കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ കണക്കിലെടുത്താണ് അവധി നല്‍കുന്നതെന്ന് വിദ്യാഭ്യാസ ഡയറക്ടറേറ്റ് അറിയിച്ചു. ജിദ്ദ ആസ്ഥാനമായുള്ള കിങ് അബ്‍ദുല്‍ അസീസ് സര്‍വകലാശാലയും ജിദ്ദ സര്‍വകലാശാലയും സമാനമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

മാറ്റിവെച്ച പരീക്ഷകള്‍ക്ക് പകരമുള്ള തീയ്യതികള്‍ പിന്നീട് അറിയിക്കുമെന്ന് കിങ് അബ്‍‍ദുല്‍ അസീസ് സര്‍വകലാശാല അറിയിച്ചു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മഴവെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലങ്ങളില്‍ നിന്നും താഴ്‍വരകളില്‍ നിന്നും അകലം പാലിക്കണമെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *