ഈത്തപ്പഴ കയറ്റുമതിയിൽ സൗദി ഒന്നാംസ്ഥാനത്ത്

ഈത്തപ്പഴ കയറ്റുമതിയിൽ സൗദി അറേബ്യക്ക് ലോകത്ത് ഒന്നാംസ്ഥാനം. 113 രാജ്യങ്ങൾക്കിടയിൽനിന്നാണ് വേൾഡ് ട്രേഡ് സെന്ററിന്റെ വെബ്സൈറ്റ് സൗദി അറേബ്യയെ തിരഞ്ഞെടുത്തത്. 2021 ലെ ഈത്തപ്പഴ കയറ്റുമതിയിലാണ് ലോകത്ത് സൗദിക്ക് ഒന്നാംസ്ഥാനം ലഭിച്ചിരിക്കുന്നത്. സൗദി അറേബ്യ 300ലധികം ഇനം ഈത്തപ്പഴങ്ങൾ ഉൽപാദിപ്പിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്നതായി പരിസ്ഥിതി, ജലം, കാർഷിക മന്ത്രാലയം വ്യക്തമാക്കി. വാർഷിക ഉൽപാദനം പ്രതിവർഷം 15.4 ലക്ഷം ടൺ കവിയുന്നു.

ഈത്തപ്പഴ കയറ്റുമതിയുടെ മൂല്യം 1215 കോടി റിയാലിലെത്തിയിട്ടുണ്ട്. വിഷൻ 2030ന്റെ ലക്ഷ്യങ്ങളിലൊന്നാണ് ഈത്തപ്പഴ വിപണിയെ കയറ്റുമതി വർധിപ്പിക്കുന്ന സുപ്രധാന മേഖലകളിലൊന്നായി മാറ്റുകയെന്നത്. വിവിധ പ്രദേശങ്ങളിൽ ജൂൺ മുതൽ നവംബർ വരെയാണ് ഈത്തപ്പഴ സീസൺ ആരംഭിക്കുന്നത്. ഏറ്റവും മികച്ച ഈത്തപ്പഴങ്ങളുടെ ഉൽപാദനമാണ് സൗദി അറേബ്യയുടെ സവിശേഷത. ലോകത്തെ ഏറ്റവും വലിയ ഈത്തപ്പഴ കയറ്റുമതി രാജ്യമായി സൗദി അറേബ്യയെ മാറ്റാനുള്ള ശ്രമത്തിലാണ് കാർഷിക മന്ത്രാലയം.

നല്ല കാർഷിക രീതികൾ പിന്തുടർന്ന് തോട്ടങ്ങളിലെ ഉൽപാദനത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തി സൗദി ഈത്തപ്പഴ ബ്രാൻഡ് പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. 3.3 ലക്ഷത്തിലധികം ഈന്തപ്പനകളാണ് സൗദി അറേബ്യയിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *