ആറാം മാസവും സൗദിയിൽ നിന്നും പ്രവാസികൾ നാട്ടിലേക്കയക്കുന്ന പണത്തിൽ കുറവ് നേരിട്ടു. ജൂൺ മാസത്തിൽ 1084 കോടി റിയാൽ വിദേശികൾ സ്വന്തം രാജ്യങ്ങളിലേക്ക് അയച്ചതായി ദേശീയ ബാങ്കായ സാമ പുറത്ത് വിട്ട കണക്കുകൾ സൂചിപ്പിക്കുന്നു.
ഇത് മുൻ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 237 കോടി റിയാൽ കുറവാണ്. തൊട്ട് മുമ്പത്തെ മാസത്തെ അപേക്ഷിച്ച് 43 കോടി റിയാലിന്റെ കുറവും ജൂണിൽ അനുഭവപ്പെട്ടു. ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ ശരാശരി തൊള്ളായിരത്തിനും ആയിരം കോടിക്കും ഇടയിലാണ് പണമിടപാട് നടന്നിരുന്നത്.
എന്നാൽ മെയിൽ ഇത് 1124 കോടിയിലെത്തിയിരുന്നു. സൗദിയിലേക്കുള്ള കുടുംബ, ടൂറിസ്റ്റ്, ഉംറ വിസകളിൽ വരുത്തിയ മാറ്റം കൂടുതൽ കുടുംബങ്ങളെയും ബന്ധുക്കളെയും സൗദിയിലേക്കെത്തിക്കുന്നതിന് കാരണമായി. ഇത് പ്രവാസികളുടെ കൂടുതൽ പണം സൗദിയിൽ ചിലവഴിക്കാൻ കാരണമായതായും ഈരംഗത്തുള്ളവർ അഭിപ്രായപ്പെടുന്നു.