ഖത്തറിൽ ശ്രവണ, ബാലൻസ് പ്രശ്നങ്ങൾ നേരിടുന്ന രോഗികൾക്ക് സമഗ്രമായ പരിശോധനയും ചികിത്സയും ലക്ഷ്യംവെച്ച് എച്ച്.എം.സി ആംബുലേറ്ററി കെയർ സെന്ററിനു കീഴിൽ വിപുലീകരിച്ച പുതിയ ഓഡിയോളജി-ബാലൻസ് യൂണിറ്റ് തുറന്നു. അത്യാധുനിക സാങ്കേതികവിദ്യയും വ്യക്തിഗത പുനരധിവാസ ശ്രമങ്ങളും സംയോജിപ്പിച്ചുള്ള സമീപനത്തിലൂടെ രോഗിയുടെ ശ്രവണ ശക്തി വർധിപ്പിക്കുന്നതിന് പുതിയ സേവനം കൂടുതൽ സഹായകമാകും.
എല്ലാ പൗരന്മാർക്കും ഫലപ്രദവും സാർവത്രികമായി ലഭ്യമാകുന്നതും താങ്ങാവുന്നതുമായ സമഗ്ര ചികിത്സ സംവിധാനം സ്ഥാപിക്കാൻ ലക്ഷ്യമിടുന്ന ഖത്തർ നാഷണൽ വിഷൻ 2030ന് അനുസൃതമായാണ് സ്പെഷലിസ്റ്റ് ഹെൽത്ത് കെയർ സേവനശ്രേണി വിപുലീകരിക്കുന്നതിന്റെ ഭാഗമായി പുതിയ യൂണിറ്റ് സ്ഥാപിച്ചിരിക്കുന്നത്.
എച്ച്.എം.സി ആക്ടിങ് അസി. മാനേജിങ് ഡയറക്ടറും എച്ച്.എം.സിയിലെ ടെർഷ്യറി ഹോസ്പിറ്റൽ ഗ്രൂപ് മേധാവിയുമായ അലി അൽ ജനാഹിയുടെ നേതൃത്വത്തിലുള്ള മുതിർന്ന പ്രതിനിധി സംഘമാണ് വിപുലീകരിച്ച ഓഡിയോളജി ആൻഡ് ബാലൻസ് യൂണിറ്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.