ലോകകപ് ആവേശവും, ബിസിനസ് ബുദ്ധിയും ഒത്തുചേർന്നാൽ ; ടീം ജേഴ്‌സി ഡിസൈനുകളിൽ മുണ്ടുകൾ വിപണിയിൽ ഇറക്കി മലയാളികൾ

ദോഹ : നാടോടുമ്പോൾ നടുവേ യോടണം എന്ന് പറയുന്നത് മലയാളം പഴഞ്ചൊല്ല് ആണെങ്കിൽ അത് അന്വർത്ഥമാക്കിയിരിക്കുകയാണ് ഖത്തറിലെ ചില മലയാളികൾ. ലോകകപ്പ് ആവേശം ആളിക്കത്തുമ്പോൾ ഫുട്ബോൾ ആവേശം മുണ്ടുകളിലാക്കി വിപണിയിൽ വിൽക്കാൻ വെച്ചിരിക്കുകയാണ് മലയാളികളായ നാല് പേർ.ഖത്തര്‍ പ്രവാസികളായ കോഴിക്കോട് സ്വദേശിനി രൂപ, എറണാകുളം സ്വദേശി സിദ്ദിഖ് സിറാജ്ജുദ്ദീന്‍, തൃശൂര്‍ക്കാരായ ഗോപാല്‍, ജോജി എന്നിവര്‍ ചേര്‍ന്നാണ് ഫാന്‍ മുണ്ടുകള്‍ ദോഹയുടെ വിപണിയില്‍ എത്തിച്ചിരിക്കുന്നത്.

 ലോകകപ്പിന്റെ നിറങ്ങളിലും ഡിസൈനുകളിലുമുള്ള തൊപ്പികളും ടീ ഷര്‍ട്ടുകളും ഷോര്‍ട്‌സ് തുടങ്ങി ലോകകപ്പുമായി ബന്ധപ്പെട്ടു സകലതും വിപണിയിലെത്തിയപ്പോൾ വ്യത്യസ്ത തേടിയ അന്വേഷണത്തിൽ നാലു പേർക്കും ഉദിച്ച ഐഡിയയാണ് ജേഴ്‌സി ഡിസൈനുകളിലുള്ള മുണ്ടുകൾ.

ഫാന്‍ മുണ്ടുകള്‍ എന്ന പേരിലുള്ള ലോകകപ്പ് സ്‌പെഷല്‍ മുണ്ടുകള്‍ ആരാധകര്‍ക്കിടയിലേയ്ക്ക് എത്തിക്കഴിഞ്ഞു. ഖത്തര്‍, അര്‍ജന്റീന, ബ്രസീല്‍, പോര്‍ച്ചുഗല്‍, മെക്‌സിക്കോ, ജര്‍മനി എന്നീ ടീമുകളുടെ ജേഴ്‌സികളുടെ ഡിസൈനിലുള്ള മുണ്ടുകളാണ് നിലവില്‍ വിപണിയിലുള്ളത്. 

മലയാളികളെ മാത്രമല്ല മുണ്ട് ധരിക്കുന്ന ആഫ്രിക്കന്‍, കരീബിയന്‍ സ്വദേശികളെയും ലക്ഷ്യമിട്ടാണ് ഫാന്‍ മുണ്ടുകള്‍ രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്നാണ് മുണ്ടുകളുടെ വരവ്. സിന്തറ്റിക് ടെക്‌നോളജി ഉപയോഗിച്ച് നെയ്‌തെടുത്ത് അതില്‍ ജഴ്‌സി ഡിസൈന്‍ പ്രിന്റ് ചെയ്തുള്ള ഒറ്റ മുണ്ടുകളാണ് ഖത്തര്‍ വിപണിയിലേയ്ക്

എത്തിച്ചിരിക്കുന്നത്. ഒറ്റമുണ്ടായതിനാല്‍ ഷാള്‍ ആയും ഇവ ഉപയോഗിക്കാം.

ഖത്തറില്‍ ജനങ്ങള്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അനുമതിയുണ്ടെന്നതിനാല്‍ ഇഷ്ട ടീമിന്റെ ജഴ്‌സി ഡിസൈനിലുള്ള ലോകകപ്പ് സെപ്ഷല്‍ മുണ്ടുകള്‍ ധരിച്ച് തന്നെ മത്സരങ്ങള്‍ കാണാന്‍ പോകാം. ഓണ്‍ലൈനില്‍ ഓര്‍ഡര്‍ നല്‍കിയാല്‍ ഫാന്‍ മുണ്ടുകള്‍ വീട്ടിലെത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് 3149 8886.

Leave a Reply

Your email address will not be published. Required fields are marked *