ലോകകപ്പ് ഇരിപ്പിടങ്ങൾ വൃത്തിയാക്കി ജപ്പാൻ ആരാധകർ ; ബഹുമാനാർഹം പ്രവർത്തി

ദോഹ∙ : ലോകകപ്പ് മത്സരവേദിയിലെ ഇരിപ്പിടങ്ങൾ വൃത്തിയാക്കുക കൂടി ചെയ്തിട്ടാണ് ഓരോ ജപ്പാൻ ആരാധകരും മടങ്ങുന്നത്. കളി കഴിഞ്ഞ് വേഗത്തില്‍ മടങ്ങാതെ സ്റ്റേഡിയം മുഴുവന്‍ വൃത്തിയാക്കിയ ശേഷം മടങ്ങുന്ന ആരാധകരുടെ വൃത്തിയാക്കലിന്റെ വിഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ വൈറല്‍.യൂസ് ആൻഡ് ത്രോ അല്ല, യൂസ് ആൻഡ് ക്ലീൻ ആണ് ഞങ്ങളുടെ പോളിസിയെന്ന് പ്രവർത്തിയിലൂടെ തെളിയിച്ചിരിക്കുകയാണ് ജപ്പാൻ ആരാധകർ.

ഞായറാഴ്ച ഖത്തറും ഇക്വഡോറും തമ്മിലുളള ഉദ്ഘാടന മത്സരം കാണാന്‍ വന്ന ജാപ്പനീസ് ആരാധകരില്‍ ചിലരാണ് മത്സരം കഴിഞ്ഞ ശേഷം തങ്ങളാല്‍ കഴിയുന്ന വിധത്തില്‍ അല്‍ബെയ്ത്ത് സ്റ്റേഡിയത്തിന്റെ ഇരിപ്പിട ഏരിയ വൃത്തിയാക്കിയത്. ജാപ്പനീസ് ആരാധകരില്‍ ചിലര്‍ ചപ്പുചവറുകളും മറ്റും നീക്കി സ്റ്റേഡിയം വൃത്തിയാക്കുന്ന വിഡിയോ പ്രശസ്ത ബഹ്റൈനി യുട്യൂബര്‍ ഉമര്‍ അല്‍ഫാറൂഖാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

വലിയ ബാഗുകളുമായി ജാപ്പനീസ് ആരാധകര്‍ സ്റ്റേഡിയത്തിലെ സ്റ്റാന്‍ഡ് വൃത്തിയാക്കുന്ന ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. എന്തിനാണ് നിങ്ങള്‍ ഇങ്ങനെ ചെയ്യുന്നതെന്ന് ഉമര്‍ ഫാറൂഖ് ചോദിക്കുമ്പോള്‍ ‘ഞങ്ങള്‍ ജാപ്പനീസ് ആണ്. ചപ്പുചവറുകള്‍ ഉപേക്ഷിച്ചുപോകാറില്ല. ഞങ്ങള്‍ സ്ഥലത്തെ ബഹുമാനിക്കുന്നു’ എന്നാണ് ആരാധകരില്‍ ഒരാള്‍ നല്‍കിയ മറുപടി. വിഡിയോ വൈറലായതോടെ ജാപ്പനീസ് ആരാധകര്‍ക്ക് അഭിനന്ദന പ്രവാഹമാണ്. ഇത്തരം പെരുമാറ്റം ഇവരെ കൂടുതല്‍ ബഹുമാനിക്കാന്‍ പ്രേരിപ്പിക്കുന്നതായി നിരവധിപേര്‍ പ്രതികരിച്ചു.ഇതാദ്യമായല്ല സമുറായി ബ്ലൂ ആരാധകര്‍ ഇങ്ങനെ ചെയ്യുന്നത്. മുന്‍പും വിവിധ വേദികളില്‍ ഇവര്‍ സമാനമായി പെരുമാറിയിട്ടുണ്ടെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *