ഫിഫ ലോകകപ്പിനിടെ ദോഹ മെട്രോയുടെ 110 ട്രെയിനുകൾ സർവീസ് നടത്തുമെന്ന് ഖത്തർ റെയിൽ. പ്രതിദിനം പ്രതീക്ഷിക്കുന്നത് 7,00,000 യാത്രക്കാരെയാണ്. 10,000 ജീവനക്കാരാണ് സുഗമവും സുരക്ഷിതവുമായ യാത്ര ഒരുക്കാൻ പ്രവർത്തിക്കുന്നതെന്ന് ഖത്തർ റെയിൽ സിഇഒയും നഗരസഭ മന്ത്രിയുമായ ഡോ.അബ്ദുല്ല ബിൻ അബ്ദുല്ലസീസ് ബിൻ തുർക്കി അൽ സുബെ വ്യക്തമാക്കി.
നിലവിലെ യാത്രക്കാരുടെ എണ്ണത്തേക്കാൾ 7 ഇരട്ടിയോളം പേർ ലോകകപ്പ് ദിനങ്ങളിൽ സഞ്ചരിക്കാനുണ്ടാവുമെന്നതിനാൽ വിപുലമായ തയാറെടുപ്പുകൾ നടത്തിയിട്ടുണ്ട്. എല്ലാ മെട്രോ സ്റ്റേഷനുകളിലും സുരക്ഷിതമായ ജനക്കൂട്ട നിയന്ത്രണമാണ് ഉറപ്പാക്കുന്നത്. ലോകകപ്പ് തയാറെടുപ്പുകളുടെ ഭാഗമായി ഖത്തർ റെയിൽ സംഘടിപ്പിച്ച യോഗത്തിലാണ് മന്ത്രി ഇക്കാര്യങ്ങൾ വിശദമാക്കിയത്.
ഫിഫ ക്ലബ് ലോകകപ്പ്, ഫിഫ അറബ് കപ്പ് തുടങ്ങി ഖത്തറിൽ നടന്ന ഒട്ടേറെ കായിക ടൂർണമെന്റുകളിൽ കാണികൾക്ക് സുരക്ഷിത യാത്ര ഒരുക്കിയ അനുഭവപരിചയവുമായാണ് ഖത്തർ റെയിൽ ലോകകപ്പിനായി തയാറെടുത്തത്.