ഖത്തറിൽ സ്കൂൾ ബസിൽ കെജി വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ വീട്ടിൽ വന്ന് ആശ്വസിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി

സ്കൂൾ ബസിനുള്ളിൽ മരിച്ച കുഞ്ഞു മിന്‍സയുടെ അപ്രതീക്ഷിത വേര്‍പാടില്‍ കുടുംബത്തെ വീട്ടിൽ വന്ന് ആശ്വസിപ്പിച്ച് ഖത്തർ വിദ്യാഭ്യാസ മന്ത്രി ബുഥെയ്ന ബിന്‍ത് അലി അല്‍ നുഐമി.അല്‍ വക്രയിലെ മിൻസയുടെ വീട്ടില്‍ എത്തി മാതാപിതാക്കളെ ആശ്വസിപ്പിക്കുകയും മിന്‍സയുടെ മരണം സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയവും ആഭ്യന്തര, പൊതുജനാരോഗ്യ മന്ത്രാലയങ്ങളും ചേര്‍ന്ന് നടത്തുന്ന സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണ് എന്നും മാതാപിതാക്കളോട് പറഞ്ഞു.

കുടുംബത്തെ ആശ്വസിപ്പിച്ചതിനൊപ്പംകാര്യങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞ ശേഷം ആവശ്യമായ ഏല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്താണ് മന്ത്രിയും സംഘവും മടങ്ങിയത്. സ്വകാര്യ സ്‌കൂള്‍ ലൈസന്‍സിങ് മന്ത്രാലയ വകുപ്പിലെ ഓഫിസറും മിന്‍സയുടെ കുടുംബത്തെ കാണാന്‍ എത്തിയിരുന്നു.

ഇനിയൊരു മരണം സംഭവിക്കാൻ പാടില്ലെന്നും, ഇത് ഗുരുതരമായ പിഴവാണെന്നും അതുകൊണ്ടുതന്നെ പരമാവധി ശിക്ഷ ലഭിക്കാവുന്ന കർശന നടപടി കുറ്റകർക്കെതിരെസ്വീകരിക്കുമെന്ന് സ്കൂൾ വിദ്യാഭ്യാസ അധികൃതർ അറിയിച്ചു.അ

തേസമയം സംഭവത്തിൽ ഖത്തർ പൗരന്മാർ കുറ്റക്കാരെ ശിക്ഷിക്കണമെന്നും ഇനിയൊരു ആവർത്തനം ഉണ്ടാവാൻ പാടില്ലായെന്നും ട്വീറ്റ് ചെയ്യുന്നുണ്ട്.

ഞായറാഴ്ചയാണ് ബസിൽ ഇരുന്നുറങ്ങിയ കുഞ്ഞ് മിൻസയെ ശ്രദ്ധിക്കാതെ ബസ് ലോക്ക് ചെയ്ത് പോയതുമൂലം 4 വയസുകാരിയായ കെജി 1 വിദ്യാർത്ഥിനിയുടെ ജീവൻ നഷ്ടമായത്. തികച്ചും അശ്രദ്ധ മൂലമുണ്ടായ മരണം രാജ്യത്തെ ജനങ്ങളെയും നടുക്കി.

സ്കൂൾ ബസിൽ ഇരുന്നുറങ്ങിയ മിൻസയെ ബസ് ജീവനക്കാർ ശ്രദ്ധിക്കാത്തത് മൂലം കുഞ്ഞ് ബസിനുള്ളിൽ അകപ്പെടുകയായിരുന്നു.

11.30 ഓടെ വിദ്യാര്‍ഥികളെ തിരികെ വീട്ടിലെത്തിക്കാനായി ബസ് എടുത്തപ്പോഴാണ് അബോധാവസ്ഥയിലായ മിന്‍സയെ കാണുന്നത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കനത്ത ചൂടില്‍ ലോക്ക് ചെയ്ത വാഹനത്തിനുള്ളില്‍ മണിക്കൂറുകളോളം കഴിഞ്ഞ മിന്‍സയുടെ ജീവന്‍ രക്ഷിക്കാനായില്ല.

സാധാരണ സംഭവമായതിനാൽ മെഡിക്കല്‍ പരിശോധനാ ഫലം ലഭിക്കുന്നതനുസരിച്ച് ഔദ്യോഗിക നടപടികളും കോടതിയില്‍ നിന്നുള്ള അനുമതിയും ലഭിച്ച ശേഷമേ മൃതദേഹം വിട്ടു കിട്ടുകയുള്ളു. നടപടികള്‍ പൂര്‍ത്തിയാകുന്നതനുസരിച്ച് മിന്‍സയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകും. സംസ്‌കാരം കോട്ടയം ചിങ്ങവനത്തായിരിക്കും നടക്കുക. സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയിലെ സീനിയര്‍ ഗ്രാഫിക് ഡിസൈനര്‍ ആയ കോട്ടയം ചിങ്ങവനം കൊച്ചുപറമ്പില്‍ അഭിലാഷ് ചാക്കോയുടെയും സൗമ്യയുടേയും ഇളയമകളാണ് മിന്‍സ. സഹോദരി എംഇഎസ് ഇന്ത്യന്‍ സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥി മീഖ മറിയം ജേക്കബ്.

Leave a Reply

Your email address will not be published. Required fields are marked *