ഒക്ടോബര്‍ 23 മുതല്‍ ആരോഗ്യസ്ഥാപനങ്ങളിൽ മാത്രം മാസ്ക് ; കൂടുതൽ ഇളവുകൾ അനുവദിച്ച് ഖത്തർ

ദോഹ : ഖത്തറില്‍ ആരോഗ്യ സ്ഥാപനങ്ങളില്‍ മാത്രം മാസ്‍ക് നിർബന്ധമാക്കി. രാജ്യത്ത് മാസ്‍ക് ധരിക്കുന്നതില്‍ കൂടുതല്‍ ഇളവ് അനുവദിക്കുന്നതിന്റെ ഭാഗമായാണിത്. പുതിയ തീരുമാനം ഒക്ടോബര്‍ 23 ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.

കഴിഞ്ഞ ദിവസം അമീരി ദിവാനില്‍ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്‍ദുല്‍ അസീസ് അല്‍ ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് പുതിയ ഇളവുകള്‍ അനുവദിച്ചത്. അതേസമയം അടച്ചിട്ട തൊഴില്‍ സ്ഥലങ്ങളില്‍ ഉപഭോക്താക്കളുമായി നേരിട്ട് ഇടപെടേണ്ടി വരുന്ന തരത്തിലുള്ള ജോലികള്‍ ചെയ്യുന്നവരും മാസ്‍ക് ധരിക്കണം.

നേരത്തെ ഓഗസ്റ്റ് 31ന് പ്രാബല്യത്തില്‍ വന്ന നിബന്ധനകള്‍ പ്രകാരം രാജ്യത്തെ മെട്രോ, ബസ് ഉള്‍പ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുന്നവര്‍ മാസ്‍ക് ധരിക്കേണ്ടത് നിര്‍ബന്ധമായിരുന്നു. എന്നാല്‍ പുതിയ അറിയിപ്പ് പ്രകാരം ഞായറാഴ്ച മുതല്‍ ബസുകളിലും മെട്രോകളിലും മാസ്‍ക് ധരിക്കേണ്ടതില്ല. രാജ്യത്ത് കൊവിഡ് വ്യാപന നിരക്ക് വീണ്ടും കുറഞ്ഞ പശ്ചാത്തലത്തിലാണ് കൂടുതല്‍ ഇളവുകള്‍ അനുവദിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *