ആവേശം പടർത്താൻ ആരാധകരൊത്തുകൂടുന്നു, ഇനി പത്താം നാൾ പന്തുരുളും

ദോഹ : ആവേശം ആളിക്കത്തിക്കാനായി ആരാധകരെല്ലാം ഒത്തുചേരുന്നു. ഒരു ശരീരത്തിൽ നിന്ന് മറ്റൊരു ശരീരത്തിലേക്ക് പടർന്നു കേറുന്ന പകർച്ചവ്യാധിയെക്കാൾ വേഗതയിൽ ഇനി ആവേശം പകർത്താൻ ലോകകപ്പിൽ പന്തുതട്ടുന്ന വിവിധ ടീമുകളുടെ ആരാധകരാണ് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ ദോഹ കോർണിഷിൽ ഒത്തുകൂടുന്നത്. അർജന്റീന, ബ്രസീൽ, ഇംഗ്ലണ്ട്, ഫ്രാൻസ്, പോർചുഗൽ ഉൾപ്പെടെ വിവിധ ടീമുകളുടെ ആരാധകരാണ് ഒന്നിക്കുന്നത്. വിവിധ ടീം ആരാധക കൂട്ടായ്മകൾക്കുകീഴിൽ പല രാജ്യങ്ങളിൽനിന്നുള്ളവർ അണിചേരും.

ഫുട്ബാൾ ആരാധകരുടെ സംഗമ സ്ഥാനമായി മാറിയ കോർണിഷിലെ ഫ്ലാഗ് പ്ലാസ കേന്ദ്രീകരിച്ചാണ് പല ടീമുകളുടെയും ഒത്തുചേരൽ. രൂപവത്കരിച്ചശേഷം ഏതാനും മാസങ്ങൾക്കുള്ളിൽതന്നെ ഖത്തറിലെ ഏറ്റവും ആരാധകരുള്ള സംഘമായി വളർന്ന അർജന്റീന ഫാൻസ് ഖത്തറിനു കീഴിൽ ആയിരത്തോളം അംഗങ്ങൾ ദോഹ കോർണിഷിൽ ഒന്നിക്കും. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് ‘ഫ്ലാഗ് പ്ലാസ’ മുതൽ ലോകകപ്പ് കൗണ്ട്ഡൗൺ ക്ലോക്ക് വരെ നീണ്ടുനിൽക്കുന്ന ഫ്ലാഗ് മാർച്ചാണ് സംഘടിപ്പിക്കുന്നത്.

ദേശീയ ടീം കോച്ച് ലയണൽ സ്കലോണിയും ടീം മാനേജ്മെന്റും സ്റ്റാഫും ഉൾപ്പെടെ വൻ സംഘം കഴിഞ്ഞ ദിവസം എത്തിയതിനു മലയാളികളുടെ നേതൃത്വത്തിൽ ആരംഭിച്ച അർജന്റീന ഫാൻസ് ഖത്തർ കൂട്ടായ്മ നിലവിൽ എല്ലാ രാജ്യക്കാരെയും ഉൾക്കൊള്ളിച്ച് ലോകകപ്പ് വേദിയിൽ അർജന്റീന ആരാധകരുടെ പ്രധാന ഫാൻ സംഘമായി മാറിയിട്ടുണ്ട്. ഇതിനകംതന്നെ ശ്രദ്ധേയമായ നിരവധി പരിപാടികളും ജീവകാരുണ്യ പ്രവർത്തനങ്ങളുമായി അർജന്റീന ഫാൻസ് ഖത്തർ തെക്കനമേരിക്കൻ മാധ്യമങ്ങളിലും ശ്രദ്ധ നേടിയിരുന്നു.

ബ്രസീൽ ആരാധകർ ഖത്തർ നാഷണൽ മ്യൂസിയം പരിസരത്ത് സംഗമിച്ചാണ് ദോഹ കോർണിഷിലൂടെ മഞ്ഞക്കടലായി ഒഴുകുന്നത്. ആരാധകർ ഏറെയുള്ള തെക്കനമേരിക്കൻ ടീമുകളുടെ ഫാൻ സംഘങ്ങൾ കളംനിറഞ്ഞ് കളി ആരംഭിച്ചതോടെ, ഇംഗ്ലീഷ് കാണികളും ബൂട്ടുകെട്ടി പുറത്തിറങ്ങി. ഫ്ലാഗ് പ്ലാസയിൽ വൈകീട്ട് മൂന്നിനാണ് ഇവരുടെ സംഗമം തീരുമാനിച്ചത്. തുടർന്ന്, കൗണ്ട്ഡൗൺ ക്ലോക്കിനരികിൽ സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *