ബൗഷറിനും അമീറാത്തിനും ഇടയില്‍ വരുന്ന തുരങ്കപാതയുടെ നടപടികൾക്ക് ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയം തുടക്കം കുറിക്കുന്നു. പദ്ധതിക്കായി ഈ വർഷം തന്നെ ടെൻഡർ ക്ഷണിക്കുമെന്ന് മന്ത്രി എൻജിനീയർ സഈദ് ബിന്‍ ഹമൂദ് ബിന്‍ സഈദ് അല്‍ മവാലി പറഞ്ഞു. മന്ത്രാലയത്തിന്റെ കഴിഞ്ഞ വർഷത്തെ നേട്ടങ്ങളും ഈ വർഷത്തെ പദ്ധതികളെയും കുറിച്ച് മാധ്യമ പ്രവർത്തകർക്ക് മുന്നിൽ വിശദീകരിക്കവെയാണ് ഇക്കാര്യം അറിയിച്ചത്.
മസ്കത്ത് സ്ട്രക്ചര്‍ പ്ലാന്‍ പ്രകാരമായിരിക്കും പദ്ധതി ഒരുക്കുക. തുരങ്കപാതക്കായി നേരത്തേതന്നെ പഠനങ്ങൾ നടത്തിയിരുന്നു. സര്‍ക്കാർ-സ്വകാര്യ പങ്കാളിത്തത്തിൽ ഒരുങ്ങുന്ന പദ്ധതിയിൽ മസ്കത്ത് നഗരസഭ, ഗതാഗത, ആശയവിനിമയ, വിവരസാങ്കേതിക മന്ത്രാലയം, ധനകാര്യ മന്ത്രാലയം എന്നീ വിഭാഗങ്ങളും പദ്ധതിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കും. 2.6 കിലോമീറ്ററായിരിക്കും തുരങ്കപാതയുടെ നീളം. തലസ്ഥാനത്തെ ഗതാഗത കുരുക്കഴിക്കുന്നതിനും പാത ഗുണകരമാകുമെന്നാണ് അധികൃതർ കണക്കു കൂട്ടുന്നത്.
ടണൽ പാത അമീറത്തിന്റെ മുഖച്ഛായ തന്നെ മാറ്റും.വിനോദ സഞ്ചാര വാണിജ്യ മേഖല വളരാനും വഴിയൊരുക്കും.നിലവിലെ റോഡിൽ പൊലീസ് റോന്ത് ചുറ്റൽ വർധിപ്പിക്കണമെന്നും പൊതുജനങ്ങൾ നിർദേശം വെക്കുന്നുണ്ട്. ഒമാനിലെ പ്രധാന ചുരം റോഡായ അമീറാത്ത്- ബൗഷർ റോഡ് ഗതാഗത രംഗത്ത് വൻ കാൽവെപ്പാണ്. ബൗഷർ ഭാഗത്ത് നിന്ന് വരുന്നവർക്ക് എളുപ്പത്തിൽ അമീറാത്തിലേക്കും ഖുറിയാത്ത്, സൂർ ഭാഗങ്ങളിലേക്കും എത്തിച്ചേരാൻ റോഡ് സഹായകമായിരുന്നു. ഇത് കാരണം സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ തിരക്ക് കുറക്കാനും സഹായിച്ചിരുന്നു.