ദേശീയ ദിനാഘോഷപരിപാടികൾ ആരംഭിച്ചു, : ഒമാനിൽ വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസം അവധി

മസ്‌കത്ത് : പ്രധാന കെട്ടിടങ്ങളും നഗര വീഥികളും ദീപാലങ്കാരങ്ങൾ ചാർത്തിക്കൊണ്ട് അമ്പത്തിയൊന്നാം ദേശീയ ദിനാഘോഷ പരിപാടികൾക്ക് ഒമാൻ തുടക്കം കുറിച്ചു. കോവിഡ് നിയന്ത്രണങ്ങളില്ലാതെ വിപുലമായ ആഘോഷങ്ങളോടെയാണ് രാജ്യം ദേശീയദിനത്തെ വരവേല്‍ക്കുന്നത്. നവംബര്‍ 30, ഡിസംബര്‍ ഒന്ന് തീയതികളില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ പൊതുഅവധി ആയിരിക്കും. വാരാന്ത്യ അവധികളായ വെള്ളി, ശനി ഉള്‍പ്പടെ ദേശീയ ദിനത്തോടനുബന്ധിച്ച് നാലു ദിവസം തുടര്‍ച്ചയായ അവധി ലഭിക്കും.

തലസ്ഥാന നഗരിയുടെ സമീപ പ്രദേശങ്ങളായ മത്ര, റൂവി, അല്‍ ഖുവൈര്‍, ഗുബ്ര, ഗാല, അസൈബ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ദീപങ്ങള്‍ തെളിയിച്ചിട്ടുണ്ട്.പാതയോരങ്ങളും കെട്ടിടങ്ങളും ദേശീയ പതാകകള്‍ കൊണ്ടും പതാക വര്‍ണങ്ങള്‍ കൊണ്ടും ശോഭനീയമാക്കിയിട്ടുണ്ട്. സുല്‍ത്താന്റെ ചിത്രങ്ങൾ ആലേഖനം ചെയ്ത് നാടും നാട്ടുകാരും ആഘോഷത്തിനു തയാറെടുത്തു കഴിഞ്ഞു.സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്വകാര്യസ്ഥാപനങ്ങളും ദേശീയദിനാഘോഷത്തിന് ഒരുക്കം പൂര്‍ത്തിയാക്കി.

ആമിറാത്ത് പാര്‍ക്കില്‍ അല്‍ ആമിറാത്ത് ബാന്‍ഡിന്റെ ഒമാനി നാടന്‍ കലകളുടെ അവതരണം, അല്‍ ആമിറാത്ത് ചാരിറ്റബിള്‍ ടീമിന്റെ ചില്‍ഡ്രന്‍സ് തിയേറ്റര്‍, മസ്‌കത്ത് ലീഗല്‍ ഏവിയേഷന്‍ ടീമിന്റെ ഫോറന്‍സിക് ഫ്ലൈറ്റ് ഷോ, മസ്‌കത്ത് ആന്റിക് കാര്‍സ് ടീം ഒരുക്കുന്ന ക്ലാസിക് കാര്‍ ഷോ, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് അവതരിപ്പിക്കുന്ന മ്യൂസിക്കല്‍ സ്‌കൗട്ട് ബാന്‍ഡ് പരിപാടികള്‍ തുടങ്ങിയവ ദേശീയ ദിനാഘഷപരിപാടികളുടെ ഭാഗമായി നടക്കും. ഒമാൻ ദേശീയ ദിനത്തോടനുബന്ധിച്ച് അവിടെയുള്ള പ്രവാസി സമൂഹവും ആഘോഷങ്ങളില്‍ പങ്കുചേരും. ആഘോഷങ്ങള്‍ക്കുള്ള എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ദേശീയദിന ആഘോഷങ്ങളുടെ സെക്രട്ടേറിയറ്റ് ജനറല്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *