മുസ്കത്ത് : രാജ്യത്തെ കടലിൽ പുതിയ മത്സ്യത്തെ കണ്ടെത്തിയതായി കൃഷി ഫിഷറീസ് ജലവിഭവ മന്ത്രാലയം അറിയിച്ചു. ദൂഫാറിലെ മിർബാത്ത് തീരത്ത്നിന്ന് അടുത്തിടെ ഒമാനി മത്സ്യത്തൊഴിലാളിയാണ് പാമ്പ് അയല കുടുംബത്തിൽപ്പെടുന്ന ജെംപിലിഡേ എസകോളർ എന്ന മത്സ്യത്തെ ലഭിച്ചപ്പോൾ ഫിഷറീസ് വകുപ്പിന് കൈമാറിയത്.
രണ്ട് മീറ്ററിലധികം നീളമുള്ള ഈ മൽസ്യങ്ങൾ സാധാരണയായി ഉഷ്‌ണ മേഖല, മിത ശീതോഷ്ണമേഖല സമുദ്രങ്ങളിലാണ് കണ്ടുവരുന്നത്. പൊതുവേ ഇരുണ്ടനിറമുള്ള ഇവ പ്രായം കൂടുന്നതിനനുസരിച്ച് കറുപ്പുനിറമാകും. പുതിയ ഇനം മത്സ്യങ്ങളെ ലഭിക്കുമ്പോൾ ഫിഷറീസുമായി ബന്ധപ്പെട്ട് ഗവേഷണ വിഭാഗത്തിന് കൈമാറണമാണെന്ന് മുൻപ് ലഭിച്ച അറിയിപ്പുകളുടെ ഭാഗമായാണ് ഒമാനി മത്സ്യത്തൊഴിലാളി വിവരം കൈമാറിയത്. ഒമാനി മൽസ്യത്തൊഇഴിലാളികൾ ഫിഷറീസ് ഗവേഷണവിഭാഗവുമായി പൂർണ്ണമായും സഹകരിക്കുന്നുണ്ടെന്നും തുടർന്നും ഈ സഹകരണം ആവശ്യമാണെന്നും പുതിയ ഇനം മത്സ്യങ്ങളെ കണ്ടെത്തുന്നതിൽ താല്പര്യം കാണിക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു