ഒമാനിൽ തെങ്ങിൽ കയറിയ മലയാളി അബദ്ധത്തിൽ കാലിൽ വെട്ടേറ്റ് ചികിത്സയിൽ, നാട്ടിലേക്ക് മടങ്ങാൻ സഹായം തേടുന്നു

മസ്‍കത്ത് : ഒമാനിലെ സാലാലയില്‍ തെങ്ങില്‍ നിന്നു വീണ് പരിക്കേറ്റ പ്രവാസി മലയാളി ചികിത്സയില്‍. മണ്ണാര്‍ക്കാട് സ്വദേശി കുഞ്ഞാമു (47) ആണ് സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. സലാല സെന്ററിന് സമീപമുള്ള മസ്‍ജിദ് ബാമസ്‍റൂഹിന് സമീപത്തുള്ള തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെ കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു അപകടം.

സഹപ്രവര്‍ത്തകരോടൊപ്പം രാവിലെ തെങ്ങില്‍ കയറിയിയതായിരുന്നു. കൈയില്‍ കരുതിയിരുന്ന ആയുധം കൊണ്ട് കാല്‍പാദത്തില്‍ അബദ്ധത്തില്‍ വെട്ടേല്‍ക്കുകയും രക്തം വാര്‍ന്നു പോകുന്നത് കണ്ട് ബോധരഹിതനായി താഴേക്ക് വീഴുകയുമായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വീഴ്ചയില്‍ ഇടുപ്പെല്ലിന് ക്ഷതം സംഭവിച്ചട്ടുണ്ട്. പാദത്തിലെ പരിക്കുകള്‍ക്കും ചികിത്സ ലഭ്യമാക്കി. ശസ്ത്രക്രിയകള്‍ക്കായി കുഞ്ഞാമുവിനെ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് സുഹൃത്തുക്കള്‍. പ്രത്യേക സജ്ജീകരണങ്ങളോടെ നാട്ടില്‍ എത്തിക്കാന്‍ രണ്ടായിരം റിയാലോളം ചെലവ് വരുമെന്നതാണ് പ്രധാന പ്രതിസന്ധി.

ആശുപത്രിയിലെ ചികിത്സയ്ക്കും തുടര്‍ ചികിത്സയ്ക്കും വലിയൊരു തുകയും ആവശ്യമായി വന്നേക്കും. മാസങ്ങളോളം വിശ്രമം വേണ്ടിവരുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. സലാലയിലെ പ്രവാസി സംഘടനാ ഭാരവാഹികള്‍ കുഞ്ഞാമുവിനെ സന്ദര്‍ശിച്ച് സഹായം വാഗ്ദാനം ചെയ്‍തിട്ടുണ്ട്. സുമനസുകളുടെ സഹായത്തോടെ പ്രതിസന്ധികളെ അതിജീവിക്കാനാവുമെന്നാണ് കുഞ്ഞാമുവിന്റെയും സുഹൃത്തുക്കളുടെയും പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *