90-ാം പിറന്നാൾ ആഘോഷിച്ച് ഇന്ത്യൻ വ്യോമസേന; പുതിയ യൂണിഫോം പുറത്തിറക്കി

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇന്ന് 90-ാം പിറന്നാൾ. ചണ്ഡീഗഡിൽ നടന്ന ആഘോഷപരിപാടികളിൽ മൂവായിരം അഗ്നിവീറുകളെ ഈ വര്‍ഷം സേനയുടെ ഭാഗമാക്കുമെന്ന് വ്യോമസേനാ മേധാവി പ്രഖ്യാപിച്ചു. പുതിയ കാലം ലക്ഷ്യംമാക്കി മാറുക, ഭാവിയ്ക്കായി ആധുനികവൽക്കരിക്കുക എന്ന പ്രഖ്യാപനത്തോടെയാണ് വ്യോമസേന ദിന പരിപാടികൾക്ക് തുടക്കമായത്.

ഇനിയുള്ള വര്‍ഷങ്ങളിൽ വ്യോമസേന ദിന പരിപാടികൾ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ വച്ച് നടത്തുമെന്നാണ് എയർ ചീഫ് മാർഷൽ വി.ആർ.ചൗധരി ഇന്ന് പ്രഖ്യാപിച്ചത്. പതിവ് വേദിയായ ഗാസിയാബാദിലെ ഹിൻഡൻ വ്യോമത്താവളത്തിന് പകരം ദില്ലിക്ക് പുറത്ത്ചണ്ഡീഗഡിലെ സുഖ്ന വ്യോമത്താവളത്തിലാണ് പരിപാടികൾ നടക്കുന്നത്. പരേഡിൽ വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ വി.ആർ ചൌധരി ആഭിവാദ്യം സ്വീകരിച്ചു. ചടങ്ങിൽ വ്യോമസേനയുടെ പുതിയ കോംബാറ്റ് യൂണിഫോം പുറത്തിറക്കി. ചാരനിറത്തിലാണ് പുതിയ യൂണിഫോം. നിലവിൽ ഗ്രൌണ്ട് ഡ്യൂട്ടിക്കാകും ഈ യൂണിഫോം ഉപയോഗിക്കുക. വ്യോമസേനയ്ക്ക് കീഴിൽ പുതിയ ആയുധ വിഭാഗത്തിന് സർക്കാർ അംഗീകാരം നൽകിയതായും ഈ വർഷം മൂവായിരം അഗ്നീവീറുകളെ സേനയിൽ നിയമിക്കുമെന്നും അടുത്ത വർഷം മുതൽ വനിതകൾക്കും സേനയുടെ ഭാഗമാകാമെന്നും വ്യോമസേനാ മേധാവി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *