500 രൂപയ്ക്ക് എല്‍പിജി; സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടില്‍ മാസം 2,100 രൂപ; വാഗ്ധാനവുമായി ഝാര്‍ഖണ്ഡില്‍ ബിജെപി

തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന ഝാര്‍ഖണ്ഡില്‍ സ്ത്രീകള്‍ക്കും തൊഴിലില്ലാത്ത വിദ്യാസമ്പന്നരായ യുവജനങ്ങള്‍ക്കും പ്രത്യേകം ധനസഹായം വാഗ്ദാനം ചെയ്ത് ബിജെപി. അധികാരത്തില്‍ എത്തിയാല്‍ സംസ്ഥാനത്തെ എല്ലാ സ്ത്രീകള്‍ക്കും അവരുടെ ബാങ്ക് അക്കൗണ്ടുകളിലൂടെ മാസാമാസം 2,100 രൂപവെച്ച് നല്‍കും എന്നാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം. കേന്ദ്ര ആഭ്യന്തരമന്ത്രിയും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായ അമിത് ഷായുടെ നേതൃത്വത്തില്‍ റാഞ്ചിയിലെ പാര്‍ട്ടി ആസ്ഥാനത്തുവെച്ച് ഞായറാഴ്ചയാണ് ബിജെപി പ്രകടന പത്രിക പുറത്തുവിട്ടത്.

എല്ലാ കുടുംബങ്ങള്‍ക്കും യൂണിറ്റിന് 500 രൂപാ നിരക്കില്‍ എല്‍പിജി ഗ്യാസ് സിലിണ്ടര്‍ ലഭ്യമാക്കുമെന്നും വാര്‍ഷികാടിസ്ഥാനത്തില്‍ രണ്ടുയൂണിറ്റ് പാചകവാതകം സൗജന്യമായി നല്‍കുമെന്നും പ്രചാരണ പത്രികയില്‍ പറയുന്നു. അഞ്ചു ലക്ഷത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അധികമായി 287,500 സര്‍ക്കാര്‍ ജോലികള്‍ ലഭ്യമാക്കുമെന്നും ബിജെപി വാഗ്ദാനം ചെയ്യുന്നു. തൊഴില്‍രഹിതരായ വിദ്യാസമ്പന്നര്‍ക്ക് രണ്ടുവര്‍ഷക്കാലയളവില്‍ പ്രത്യേകം സ്റ്റൈപ്പന്റ് നല്‍കുമെന്നും അമിത് ഷാ പറഞ്ഞു.

‘ദീപാവലിക്കും രക്ഷാബന്ധനും ഓരോ സൗജന്യ എല്‍പിജി സിലിണ്ടറുകളും അല്ലാത്ത അവസരത്തില്‍ സിലിണ്ടറുകള്‍ 500 രൂപയ്ക്കും ലഭ്യമാക്കും. ഝാര്‍ഖണ്ഡിലെ യുവജനങ്ങള്‍ക്കുവേണ്ടി അഞ്ചുലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. അധികാരത്തിലെത്തി ഒരുവര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ വകുപ്പുകളിലെ ഒഴിവുള്ള 150,000 തസ്തികകളിലേക്ക് ഉദ്യോഗാര്‍ഥികളെ എടുക്കും. ജോലി ലഭിക്കാത്ത അഭ്യസ്തവിദ്യാര്‍ക്ക് രണ്ടുവര്‍ഷം മുടങ്ങാതെ മാസം 2,000 രൂപവെച്ച് സ്റ്റൈപ്പന്റ് നല്‍കും,’ അമിത് ഷാ പറഞ്ഞു.

സംസ്ഥാനത്തെ പെണ്‍കുട്ടികള്‍ക്ക് കിന്‍ഡര്‍ ഗാര്‍ഡന്‍ മുതല്‍ ബിരുദാനന്തര ബിരുദംവരെയുള്ള പഠനം സൗജന്യമായി ലഭ്യമാക്കും. ക്വിന്റലിന് 3,100 രൂപയ്ക്ക് കര്‍ഷകരില്‍ നിന്ന് നെല്ല് വാങ്ങുകയും 24 മണിക്കൂറിനുള്ളില്‍ പണം ലഭ്യമാക്കുകയും ചെയ്യും. 2030-ഓടെ സംസ്ഥാനത്തെ ജലസേചനവിസ്തൃതി മൂന്നിരട്ടി വര്‍ധിപ്പിക്കും. തുവരപരിപ്പ്, ഇലിപ്പ വിളകള്‍ക്ക് താങ്ങുവില നല്‍കുമെന്നും പ്രചരണപട്ടികയില്‍ പറയുന്നു. രണ്ടുഘട്ടങ്ങളിലായി നവംബര്‍ 13, 20 ദിവസങ്ങളിലാണ് ഝാര്‍ഖണ്ഡില്‍ തിരഞ്ഞെടുപ്പ് നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *