5ജി ഇന്ത്യയുടെ സ്വന്തം ഉൽപ്പന്നം; മറ്റു രാജ്യങ്ങൾക്ക് നൽകാനും തയാറെന്ന് നിർമല സീതാരാമൻ

ഇന്ത്യ അവതരിപ്പിച്ചത് തദ്ദേശീയമായി വികസിപ്പിച്ച 5ജി സേവനമാണെന്നും മറ്റു രാജ്യങ്ങളുമായി അതു പങ്കുവയ്ക്കാൻ തയാറാണെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ജോൺസ് ഹോപ്കിൻസ് സ്‌കൂൾ ഓഫ് അഡ്വാൻസ്ഡ് ഇന്റർനാഷനൽ സ്റ്റഡീസിൽ (എസ്എഐഎസ്) വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

‘ഇന്ത്യയിൽ പൊതുജനത്തിന് 5ജി സേവനം ഉടൻ ലഭ്യമാകും. ഞങ്ങൾ അവതരിപ്പിച്ച 5ജി വേറിട്ടു നിൽക്കുന്നതാണ്. പൂർണമായും തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയാണ് 5ജി ഒരുക്കിയത്. എവിടെനിന്നും ഇറക്കുമതി ചെയ്തതല്ല, ഞങ്ങളുടെ സ്വന്തം ഉൽപ്പന്നമാണ്. 5ജി ഇന്ത്യയുടെ നേട്ടമാണ്, അതിൽ അഭിമാനിക്കുന്നു’ ചോദ്യത്തിനു മറുപടിയുമായി നിർമല സീതാരാമൻ വ്യക്തമാക്കി. 

അടുത്തിടെ, ഡൽഹിയിലെ ഇന്ത്യൻ മൊബൈൽ കോൺഗ്രസ് വേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു രാജ്യത്തെ 5ജി സേവനങ്ങൾക്ക് ഔദ്യോഗിക തുടക്കം കുറിച്ചത്. ഡൽഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, വാരാണസി, സിലിഗുരി എന്നീ നഗരങ്ങളിലെ തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ എയർടെൽ 5ജി ലഭ്യമാക്കി. 

Leave a Reply

Your email address will not be published. Required fields are marked *