45കാരൻ 25കാരിയായ കാമുകിയെ കുത്തിക്കൊന്നു; യുവതിയുടെ അമ്മ കാമുകനെ തലയ്ക്കടിച്ചു കൊന്നു

പ്രണയക്കൊലകൾ ഒറ്റപ്പെട്ട സംഭവമല്ലാതായി മാറിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞദിവസം ബംഗളൂരുവിൽ 45കാരൻ 25കാരിയായ കാമുകിയെ കുത്തിക്കൊന്ന വാർത്തയാണ് ഒടുവിലത്തേത്. സൗ​ത്ത് ബം​ഗ​ളൂ​രു പാ​ര്‍​ക്കി​ല്‍ വ​ച്ചാ​ണു സംഭവം. പാർക്കിൽ തന്നെയുണ്ടായിരുന്ന യുവതിയുടെ അമ്മ മകളുടെ കാമുകനെ കല്ലിനു തലയ്ക്കടിച്ചു കൊല്ലുകയും ചെയ്തു. ദിവസസങ്ങൾക്കു മുന്പ് കോൺഗ്രസ് പ്രദേശികനേതാവിന്‍റെ മകളെ പ്രണയം നിരസിച്ചതിന്‍റെ പേരിൽ കോളജിൽവച്ചു കുത്തിക്കൊലപ്പെടുത്തിയിരുന്നു. 

ഇവന്‍റ് മാനേജരും വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമായ സുരേഷ് ആണ് അനുഷയെ  കുത്തിക്കൊന്നത്. വിവാഹിതനാണെന്ന് വിവരം മറച്ചുവച്ച് ഇയാൾ അനുഷയുമായി അടുപ്പത്തിലാകുകയായിരുന്നു. ഇ​രു​വ​രും വി​വാ​ഹി​ത​രാ​കാ​നും തീ​രു​മാ​നി​ച്ചി​രു​ന്നു. പിന്നീട്, ഇതറിഞ്ഞ അനുഷ ബന്ധത്തിൽനിന്നു പിന്മാറുകയായിരുന്നു. തുടർന്ന് സുരേഷ് യുവതിയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നു. ഇ‍യാൾക്കെതിരേ അ​നു​ഷ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. കേസെടുത്ത പോലീസ് ഇയാളെ സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി താ​ക്കീ​ത് ന​ല്‍​കി വി​ടുകയായിരുന്നു.

പാർക്കിൽവച്ചു ഇരുവരും വാക്കുതർക്കമുണ്ടാകുകയും സുരേഷ് കത്തിയെടുത്ത് കുത്തുകയുമായിരുന്നു. സം​ഭ​വം ന​ട​ക്കു​മ്പോ​ൾ പാ​ര്‍​ക്കി​ന് സ​മീ​പ​മു​ണ്ടാ​യി​രു​ന്ന അനുഷയുടെ അമ്മ ഓടിയെത്തുകയും മകളെ കുത്തിവീഴ്ത്തിയ സുരേഷിനെ ഹോളോ ബ്രിക്സ് ഉപയോഗിച്ച് തലയ്ക്ക് ആഞ്ഞിടിക്കുകയായിരുന്നു. ഓടിക്കൂടിയ ആളുകൾ ഇരുവരെയും ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല.

Leave a Reply

Your email address will not be published. Required fields are marked *