2024-ൽ കോൺഗ്രസും പ്രതിപക്ഷവും വലിയ വില നൽകേണ്ടിവരും; അമിത് ഷാ

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങ് ബഹിഷ്‌കരിക്കാൻ പദ്ധതിയിടുന്ന കോൺഗ്രസും മറ്റു പ്രതിപക്ഷ പാർട്ടികളും അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ വില നൽകേണ്ടിവരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തെ വലിയ ഒരു വിഭാഗം ജനങ്ങൾ മോദിക്കൊപ്പമുണ്ടെന്ന കാര്യം അംഗീകരിക്കാതെയാണ് പ്രതിപക്ഷ പാർട്ടികൾ ഉദ്ഘാടനച്ചടങ്ങ് ബഹിഷ്‌കരിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു. അസമിലെ ഗുവാഹത്തിയിലെ പൊതുചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നും നരേന്ദ്ര മോദി പ്രധാനമന്ത്രിയാവാൻ വോട്ടുചെയ്ത ജനതയാണ് ഇന്ത്യയിലുള്ളതെന്നും പറഞ്ഞ അമിത്ഷാ, കോൺഗ്രസും ഗാന്ധി കുടുംബവും കഴിഞ്ഞ ഒൻപതു വർഷമായി പ്രധാനമന്ത്രിയെ അംഗീകരിക്കാൻ തയ്യാറായിട്ടില്ലെന്നും വ്യക്തമാക്കി. പാർലമെന്റ് നടപടിക്രമങ്ങളും മോദിയുടെ പ്രസംഗങ്ങളും തടയുകയാണ് കോൺഗ്രസ്. രാജ്യത്തെ വലിയ ഒരു വിഭാഗം മോദിക്കൊപ്പമുണ്ട്. ഇത് അംഗീകരിക്കാതെയാണ് കോൺഗ്രസും മറ്റു പ്രതിപക്ഷ പാർട്ടികളും ഉദ്ഘാടനച്ചടങ്ങ് ബഹിഷ്‌കരിക്കുന്നത്. പ്രധാനമന്ത്രിയെയും ജനവിധിയെയും അംഗീകരിക്കാത്ത കോൺഗ്രസും മറ്റു പ്രതിപക്ഷ കക്ഷികളും 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ വലിയ വില നൽകേണ്ടി വരുമെന്നും അമിത്ഷാ പറഞ്ഞു.

കോൺഗ്രസ് ചെയ്യുന്നതെന്നതാണെന്ന് രാജ്യത്തെ ജനങ്ങൾ കാണുന്നുണ്ട്. അടുത്ത തിരഞ്ഞെടുപ്പിൽ മുന്നൂറിലധികം സീറ്റുകൾ നേടി മോദി വീണ്ടും പ്രധാനമന്ത്രിയാവും. കോൺഗ്രസിന് 2019-നെക്കാൾ കുറവ് സീറ്റുകളാണ് ലഭിക്കുക. ബി.ജെ.പി. പ്രതിപക്ഷത്തായിരുന്നപ്പോൾ കോൺഗ്രസിനെ ബഹുമാനിക്കുകയും നിർമാണാത്മകമായ പങ്കുവഹിക്കുകയും ചെയ്തിരുന്നെന്നും അമിത്ഷാ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *