‘2024-ല്‍ ബിജെപിയെ അധികാരത്തില്‍നിന്ന് പുറത്താക്കും’: മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ലോക്‌സഭാ, വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കേ അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ഹൈദരാബാദില്‍ വിശാല പ്രവര്‍ത്തകസമിതി യോഗം ചേര്‍ന്ന് കോണ്‍ഗ്രസ്. ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും അടിത്തറ പാകിയത് കോണ്‍ഗ്രസാണെന്നും അതുകൊണ്ടുതന്നെ അവ സംരക്ഷിക്കേണ്ട ഉത്തരവാദിത്വവും കോണ്‍ഗ്രസിനാണെന്നും എ.ഐ.സി.സി. അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ യോഗത്തില്‍ പറഞ്ഞു.

‘ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും അടിത്തറ പാകിയത് കോണ്‍ഗ്രസാണ്. അതുകൊണ്ടുതന്നെ അവ സംരക്ഷിക്കേണ്ട ഉത്തരവാദിത്വവും കോണ്‍ഗ്രസില്‍ അധിഷ്ഠിതമാണ്. ഇതിനായി അവസാന ശ്വാസംവരെ പോരാടും. മഹാത്മാഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായതിന്റെ നൂറാംവാര്‍ഷികമാണ് 2024-ല്‍. അടുത്തവര്‍ഷം ബി.ജെ.പി.യെ അധികാരത്തില്‍നിന്ന് പുറത്താക്കുന്നത് മഹാത്മാ ഗാന്ധിക്കു നല്‍കുന്ന യഥാര്‍ഥ ആദരവായിരിക്കും’- ഖാര്‍ഗെ പറഞ്ഞു.

രാജ്യം നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങള്‍ നിരന്തരമായി ഉന്നയിക്കാനും ബി.ജെ.പി.യുടെ പോരായ്മകളും ജനവിരുദ്ധ നയങ്ങളും തുറന്നുകാട്ടാനും ഖര്‍ഗെ പാര്‍ട്ടി നേതാക്കളോട് ആവശ്യപ്പെട്ടു. വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍, പാര്‍ട്ടി അധ്യക്ഷന്മാര്‍ തുടങ്ങിയവര്‍ പ്രവര്‍ത്തകസമിതി യോഗത്തില്‍ പങ്കെടുത്തു. വരാനിരിക്കുന്ന ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ സംബന്ധിച്ചുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിനായിരുന്നു യോഗം.

Leave a Reply

Your email address will not be published. Required fields are marked *