2022-23 സാമ്പത്തിക വര്‍ഷത്തെ രാജ്യത്തെ വളര്‍ച്ച ഏഴ് ശതമാനത്തിന് മുകളിലായിരിക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. കേന്ദ്ര ബാങ്ക് നിരീക്ഷിച്ചുവരുന്ന പ്രധാന സാമ്പത്തിക സൂചകങ്ങളെല്ലാം തന്നെ നാലാം പാദത്തില്‍ മികച്ച നിലയിലായിരുന്നു. അതുകൊണ്ട് ഏഴ് ശതമാനത്തില്‍ കൂടുതല്‍ വളര്‍ച്ച രേഖപ്പെടുത്തിയാല്‍ അത്ഭുതപ്പെടാനില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ വാര്‍ഷിക യോഗത്തില്‍ പ്രസംഗിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കാര്‍ഷിക-സേവന മേഖലകള്‍ക്ക് മികച്ച പ്രകടനം കാഴ്ചവെയ്ക്കാനായി. സര്‍ക്കാരിന്റെ മൂലധന-അടിസ്ഥാന സൗകര്യ വികസന ചെലവുകള്‍ വര്‍ധിച്ചു. സ്റ്റീല്‍, സിമന്റ് മേഖലകളില്‍ സ്വകാര്യ നിക്ഷേപത്തോടൊപ്പം മുന്നേറ്റത്തിന്റെ സൂചനകളും പ്രകടമാണ്. ആര്‍ബിഐയുടെ സര്‍വെ പ്രകാരം നിര്‍മാണ മേഖലയിലെ ശേഷി വിനിയോഗം 75ശതമാനത്തോളമാണ്. അതേസമയം, സിഐഐയുടെ സര്‍വേ കാണിക്കുന്നത് അതിലും കൂടുതലെന്നാണെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
6.5 ശതമാനം നടപ്പ് സാമ്പത്തിക വര്‍ഷം രാജ്യം വളര്‍നേക്കാം. എന്നിരുന്നാൽ തന്നെയും, താഴേയ്ക്കു പോകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. മെയിലെ റീട്ടെയില്‍ പണപ്പെരുപ്പം 4.7ശതമാനത്തിന് താഴെയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പണപ്പെരുപ്പത്തിനെതിരായ യുദ്ധം അവസാനിച്ചിട്ടില്ലെന്നും ഇനിയും ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.