2023-ലെ മികച്ച ഭക്ഷണനഗരങ്ങളിലൊന്നില്‍ കൊല്‍ക്കത്തയും; പട്ടികയുമായി അന്താരാഷ്ട്ര വെബ്‌സൈറ്റ്

തനത് സംസ്‌കാരത്തിന്റെ പേരില്‍ ലോകമെമ്പാടും ശ്രദ്ധ നേടിയിട്ടുള്ള ഇന്ത്യന്‍ നഗരമാണ് കൊല്‍ക്കത്ത. ഈ തനത് സംസ്‌കാരം രൂപപ്പെടുത്തുന്നതില്‍ അവിടെനിന്നുമുള്ള സ്‌പെഷ്യല്‍ വിഭവങ്ങളും ചെറുതല്ലാത്ത പങ്കുവഹിച്ചിട്ടുണ്ട്. വഴിയോരകച്ചവടം പൊടിപൊടിക്കുന്ന ഇടം കൂടിയാണ് കൊല്‍ക്കത്ത. രുചി ലോകത്തിന് കൊല്‍ക്കത്ത നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്.

ഇപ്പോഴിതാ 2023-ല്‍ ലോകത്തിലെ ഏറ്റവും മികച്ച ഭക്ഷണനഗരങ്ങളിലൊന്നാകുമെന്ന പട്ടികയില്‍ ഇടം പിടിച്ചിരിക്കുകയാണ് കൊല്‍ക്കത്ത. അന്താരാഷ്ട്ര ഫുഡ് വെബ്‌സൈറ്റായ ‘ഈറ്ററി’ലാണ് പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള പ്രധാനപ്പെട്ട 11 ഭക്ഷണനഗരങ്ങളുടെ പട്ടികയാണ് ‘ഈറ്റര്‍’ തയ്യാറാക്കിയിരിക്കുന്നത്. 2023-ല്‍ ഈ നഗരങ്ങള്‍ മികച്ച ഭക്ഷണകേന്ദ്രങ്ങളായി മാറാനുള്ള സാധ്യത വെബ്‌സൈറ്റ് ചൂണ്ടിക്കാട്ടുന്നു. വിയറ്റ്‌നാമിലെ ഹോ ചി മിന്‍ഹ് സിറ്റി, ഫിലിപ്പീന്‍സിലെ മനില, ഇറ്റലിയിലെ സാര്‍ദിന തുടങ്ങിയ നഗരങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. 

ഈറ്ററിന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2023-ലെ ലോകത്തിലെ മികച്ച ഭക്ഷണനഗരങ്ങള്‍ തിരഞ്ഞെടുത്തപ്പോള്‍ നിര്‍ബന്ധമായും കഴിച്ചിരിക്കേണ്ട വിഭവങ്ങള്‍ മാത്രമല്ല തങ്ങള്‍ പരിഗണിച്ചതെന്നും മറ്റ് ഘടകങ്ങളായ അവിടുത്തെ ജനങ്ങള്‍, ചുറ്റുപാട്, സംസ്‌കാരം, വിഭവങ്ങള്‍ക്ക് പിന്നിലെ ചരിത്രം എന്നിവയെല്ലാം പരിഗണിച്ചതായും ‘ഈറ്റര്‍’ വ്യക്തമാക്കി. പട്ടിക പുറത്ത് വന്നതോടെ കൊല്‍ക്കത്തയിലെ വിനോദസഞ്ചാരമേഖലയിലും പുത്തനുണര്‍വ് ഉണ്ടാകുമെന്ന് വിലയിരുത്തപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *