കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉൾപ്പെടെയുള്ള മന്ത്രിസഭാംഗങ്ങൾക്കു ബോംബ് ഭീഷണി. ചൊവ്വാഴ്ച ഇമെയിൽ ആയാണ് ഭീഷണിയെത്തിയത്. ബെംഗളൂരു സിറ്റി ക്രൈം ബ്രാഞ്ച് കേസ് റജിസ്റ്റർ ചെയ്തു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.48നാണ് ഭീഷണി സന്ദേശം ഇമെയിൽ ആയി എത്തിയത്.
ബെംഗളൂരുവിൽ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടാണ് ബോംബ് ഭീഷണി. സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ആഭ്യന്തര മന്ത്രി ജി. പരമേശ്വര, ബെംഗളൂരു പൊലീസ് കമ്മിഷണർ എന്നിവരെ ലക്ഷ്യമിട്ടാണ് ഇമെയിൽ.
Shahidkhan10786@protonmail.com എന്ന ഇമെയിൽ വിലാസം വഴിയാണ് ബോംബ് ഭീഷണി സന്ദേശം അയച്ചത്. ബോംബ് സ്ഫോടനം ഒഴിവാക്കണമെങ്കിൽ 2.5 മില്യൻ യുഎസ് ഡോളർ നൽകണമെന്നും ഇമെയിൽ ആശ്യപ്പെടുന്നു. റസ്റ്ററന്റുകൾ, ക്ഷേത്രങ്ങൾ, ബസുകൾ, ട്രെയിനുകൾ എന്നിവ ലക്ഷ്യമിട്ടാകാം സ്ഫോടനത്തിന് പദ്ധതിയെന്നാണ് അനുമാനം.
‘‘ട്രെയ്ലർ എങ്ങനെയുണ്ടായിരുന്നു. 2.5 മില്യൻ യുഎസ് ഡോളർ നൽകിയില്ലെങ്കിൽ ബസുകൾ, ട്രെയിനുകൾ, ക്ഷേത്രങ്ങൾ, ഹോട്ടലുകൾ തുടങ്ങി കർണാടകത്തിലെ പൊതു സ്ഥലങ്ങളിൽ വലിയ തോതിലുള്ള സ്ഫോടനങ്ങൾ ഞങ്ങൾ നടത്തും. ഒരു ട്രെയ്ലർ കൂടി ഞങ്ങൾ നിങ്ങളെ കാണിക്കും.
അടുത്ത സ്ഫോടനം അംബാരി ഉത്സവ് ബസിലാണ്. അതിലെ സ്ഫോടനത്തിനുശേഷം ഞങ്ങളുടെ ആവശ്യം സമൂഹമാധ്യമത്തിലൂടെ ഉന്നയിക്കും. നിങ്ങൾക്കയച്ച മെയിലിന്റെ സ്ക്രീൻഷോട്ടുകൾ അവിടെ അപ്ലോഡ് ചെയ്യും. അടുത്ത സ്ഫോടനം എവിടെയെന്ന് അതുവഴി പുറത്തുവിടും’’ – ഇമെയിലിൽ പറയുന്നു.