100 കിലോ മീറ്റർ പരിധി, 1000 കിലോ ഭാരം; ഇത് ഇന്ത്യയുടെ ഗൗരവ് ബോംബ്

ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ദീർഘദൂര ഗ്ലൈഡ് ബോംബ് വിജയകരമായി പരീക്ഷിച്ചു. ഗൗരവ് എന്ന് പേരിട്ടിരിക്കുന്ന ഈ ബോംബ് വികസിപ്പിച്ചത് പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിഫൻസ് റിസർച്ച് ആന്റ് ഡവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) ആണ്. 1000 കിലോയോളം ഭാരം വരുന്ന ബോംബിന്റെ പരീക്ഷണം ഏപ്രിൽ എട്ടുമുതൽ 10 വരെയാണ് നടന്നത്. വ്യോമസേനയുടെ സുഖോയ്- 30 എം.കെ.ഐ യുദ്ധവിമാനത്തിൽ നിന്നാണ് ഗൗരവ് ബോംബ് പല ഘട്ടങ്ങളിലായി പരീക്ഷിച്ച് പ്രവർത്തനം വിലയിരുത്തിയത്.

100 കിലോമീറ്റർ വരെയുള്ള ലക്ഷ്യത്തിലേക്ക് കൃത്യമായി ആക്രമണം നടത്താൻ ശേഷിയുള്ള ഗ്ലൈഡ് ബോംബാണ് ഗൗരവ്. ഇന്ത്യൻ വ്യോമസേനയുടെ പ്രഹരശേഷി വർധിപ്പിക്കുന്ന ഈ വിജയം വളരെ പ്രധാനപ്പെട്ടതാണ്. തന്ത്രപ്രധാനമായ ലക്ഷ്യങ്ങൾ സുരക്ഷിതമായ ദൂരത്തിൽ ആക്രമിക്കാൻ ഗൗരവ് ബോംബ് വ്യോമസേനയെ സഹായിക്കും. പരീക്ഷണത്തിന്റെ വിവരങ്ങൾ നിരീക്ഷിച്ച് തൃപ്തികരമെന്ന് വിലയിരുത്തിയതോടെ വ്യോമസേനയ്ക്ക് വേണ്ടി ഇവയുടെ ഉത്പാദനം ഉടൻ ആരംഭിക്കും. 2023-ലായിരുന്നു ഗൗരവിന്റെ ആദ്യപരീക്ഷണം നടന്നത്. ഇതിൽനിന്ന് ലഭിച്ച വിവരങ്ങൾ ഉപോഗിച്ച് കൂടുതൽ പരിഷ്‌കരിച്ചും മാറ്റങ്ങൾ വരുത്തിയുമാണ് ഗൗരവിനെ കരുത്തുറ്റതാക്കിയത്.

ഹൈദരാബാദിലെ ഇമാറത്തിലുള്ള ഡിആർഡിഒ കേന്ദ്രത്തിലാണ് ഗൗരവ് ബോംബിന്റെ രൂപകൽപ്പനയും സാങ്കേതിക വിദ്യാ വികസനവുമെല്ലാം നടന്നത്. പൂർണമായും ഇന്ത്യൻ സാങ്കേതികവിദ്യയിലാണ് ബോംബ് വികസിപ്പിച്ചത്. യുദ്ധവിമാനത്തിൽനിന്ന് വേർപെട്ടാൽ ജിപിഎസ് സഹായത്തോടെ ലക്ഷ്യത്തിലേക്ക് ഗതിനിർണയം നടത്തി എത്തി ആക്രമണം നടത്തും. ഗൗരവ് ബോംബിന്റെ വികസനത്തിൽ നിരവധി ഇന്ത്യൻ കമ്പനികൾ സഹകരിച്ചിട്ടുണ്ട്. അദാനി ഡിഫൻസ്, ഭാരത് ഫോർജ് തുടങ്ങിയവാണ് പ്രധാന കമ്പനികൾ. ഇവർക്ക് പുറമെ നിരവധി എംഎസ്എംഇ സ്ഥാപനങ്ങളും ബോംബ് വികസനത്തിൽ പങ്കാളികളായി.

Leave a Reply

Your email address will not be published. Required fields are marked *