ഹോട്ടൽ ഉടമയെ കൊലപ്പെടുത്തിയ കേസ് ; അധോലോക കുറ്റവാളി ഛോട്ടാ രാജന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി

അധോലോക കുറ്റവാളി ഛോട്ടാ രാജന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. മുംബൈയിൽ ഹോട്ടൽ ഉടമ ജയ ഷെട്ടിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. 2001 ലാണ് ഗുണ്ടാപിരിവ് നൽകാതിരുന്നതിന് ഛോട്ടാ രാജൻ ഗ്യാങ് ജയ ഷെട്ടിയെ വെടിവെച്ചു കൊലപ്പെടുത്തിയത്. കേസിലെ മറ്റ് മൂന്ന് പ്രതികൾക്ക് നേരത്തെ ശിക്ഷ വിധിച്ചിരുന്നു. നിരവധി കേസുകളിൽ പ്രതിയായ ഛോട്ടാ രാജൻ വിചാരണ തടവുകാരനായി ഇപ്പോൾ ഡൽഹി തിഹാർ ജയിലിലാണ്. സെൻട്രൽ മുംബൈയിലെ ഗാംദേവിയിലെ ഗോൾഡൻ ക്രൗൺ ഹോട്ടലിന്റെ ഉടമയായിരുന്നു ജയ ഷെട്ടി.

ഛോട്ടാ രാജൻ ​ഗ്യാങ്ങ് നിരന്തരം ജയ ഷെട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. 2001 മെയ് നാലിന് ഹോട്ടലിനുള്ളിൽ വച്ച് ഛോട്ടാ രാജന്റെ സംഘത്തിലെ രണ്ട് അംഗങ്ങൾ അദ്ദേഹത്തെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. ഭീഷണിയെത്തുടർന്ന് മഹാരാഷ്ട്ര പൊലീസ് ജയ ഷെട്ടിക്ക് സുരക്ഷയൊരുക്കിയിരുന്നു. എന്നാൽ, കൊലപാതകത്തിന് രണ്ട് മാസം മുമ്പ് സുരക്ഷ പിൻവലിച്ചിരുന്നു.

നേരത്തെ, നെറ്റ്ഫ്ലിക്സില്‍ റിലീസായ വെബ് സീരിസ് ‘സ്കൂപ്പ്’ നിരോധിക്കണം എന്ന ആവശ്യപ്പെട്ട് അധോലോക നേതാവ് ഛോട്ടാ രാജൻ ബോംബെ ഹൈക്കോടതിയെ സമീപിച്ചത് കഴിഞ്ഞ വർഷം വാർത്തയായിരുന്നു. മുൻകൂർ അനുമതിയില്ലാതെ തന്‍റെ വ്യക്തിത്വത്തെയും പ്രതിച്ഛായയെയും മോശമാക്കിയെന്ന് ആരോപിച്ചാണ് ഛോട്ടാ രാജൻ കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഒരു വ്യക്തിയുടെ അവകാശങ്ങളുടെ ലംഘനവും, അപകീർത്തിപ്പെടുത്തുന്നതുമാണ് ഇതെന്നാണ് ജയിലില്‍ കഴിയുന്ന ഛോട്ടാ രാജൻ കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *