ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഫലസൂചനകളിൽ കോൺഗ്രസ് മുന്നിൽ. കോൺഗ്രസ് 37 സീറ്റുകളിലും ബിജെപി 28 സീറ്റുകളിലും ലീഡ് ചെയ്യുന്നു. ബിജെപിയും കോൺഗ്രസും 68 സീറ്റുകളിലേക്കും സ്ഥാനാർഥികളെ നിർത്തിയപ്പോൾ, 67 സീറ്റുകളിൽ സ്ഥാനാർഥികളെ നിർത്തി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ആം ആദ്മി പാർട്ടിയും സംസ്ഥാനത്ത് ആദ്യമായി മത്സരരംഗത്തുണ്ട്.
എക്‌സിറ്റ് പോളുകളിലും അഭിപ്രായ സര്‍വേകളിലും ബിജെപിക്കായിരുന്നു മുന്‍തൂക്കം. 35 സീറ്റാണ് കേവല ഭൂരിപക്ഷത്തിനുവേണ്ടത്. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി 45 സീറ്റും കോൺഗ്രസ് 22 സീറ്റും സിപിഎം ഒരു സീറ്റുമാണ് നേടിയത്. നവംബര്‍ 12ന് നടന്ന വോട്ടെടുപ്പില്‍ 74.05 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. 2017ല്‍ 75.6 ശതമാനം ആയിരുന്നു പോളിങ്. ആകെ 55.74 ലക്ഷം വോട്ടര്‍മാരുള്ള ഹിമാചലില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് പോളിങ് ശതമാനം കുറഞ്ഞത് ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും നെഞ്ചിടിപ്പേറ്റിയിരുന്നു.
മുഖ്യമന്ത്രി ജയറാം ഠാക്കൂർ, കോൺഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റും പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ ചെയര്‍മാനുമായ സുഖ്വീന്ദര് സിങ് സുഖു, മുന്‍ മുഖ്യമന്ത്രി വീര്‍ഭദ്ര സിങ്ങിന്റെ മകന്‍ വികാരാദിത്യ സിങ്, നാല് തവണ പ്രതിപക്ഷ നേതാവായ മുകേഷ് അഗ്‌നിഹോത്രി എന്നീ പ്രമുഖരുൾപ്പെടെ ജനവിധി തേടുന്നു. 19 ബിജെപി വിമതരും 8 കോണ്‍ഗ്രസ് വിമതരും ജനവിധി തേടുന്നുണ്ട്.
അതേസമയം ഗുജറാത്തിലെ 182 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ആദ്യഫലസൂചനകളിൽ ബിജെപി മുന്നിൽ. ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ ബിജെപി 150 സീറ്റിലും കോൺഗ്രസ് 22 സീറ്റിലും എഎപി 6 സീറ്റിലും ലീഡ് ചെയ്യുന്നു.
27 വർഷമായി സംസ്ഥാനം ഭരിക്കുന്ന ബിജെപിയെയും പ്രതിപക്ഷമായ കോൺഗ്രസിനെയും വെല്ലുവിളിച്ച് ആം ആദ്മി പാർട്ടിയും (എഎപി) ഇത്തവണ രംഗത്തുണ്ട്. 92 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. ഗുജറാത്തിൽ ബിജെപി ഏഴാം തവണയും വൻഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നാണ് എക്സിറ്റ് പോൾ ഫലം. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി 99 സീറ്റും കോൺഗ്രസ് 77 സീറ്റുമാണു നേടിയത്.