ഹാഥ്‌റസ് ദുരന്തം; 300 പേജുള്ള റിപ്പോർട്ട് സമർപ്പിച്ചു; ഭോലെ ബാബയുടെ പേരില്ല

യുപിയിലെ ഹാഥ്‌റസിൽ പ്രാർഥനാച്ചടങ്ങിനിടെ തിക്കിലും തിരക്കിലും പെട്ട് 121 പേർ മരിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) റിപ്പോർട്ട് സമർപ്പിച്ചു. എന്നാൽ 300 പേജുള്ള റിപ്പോർട്ടിൽ സ്വയംപ്രഖ്യാപിത ആൾദൈവമായ ഭോലെ ബാബ എന്ന സുരാജ് പാലിന്റെ പേരില്ല. സുരാജ് പാലിന്റെ നേതൃത്വത്തിലുള്ള പ്രാർഥനാച്ചടങ്ങിനിടെയായിരുന്നു ദുരന്തമുണ്ടായത്.

അനുവദിച്ചതിലും അധികം ആളുകളെത്തിയതാണ് ദുരന്തത്തിന് പ്രധാന കാരണമെന്നാണ് റിപ്പോർട്ടിലുള്ളത്. 2 ലക്ഷത്തിലേറെപ്പേർ പ്രാർഥനയ്‌ക്കെത്തി. 80,000 പേരെ പങ്കെടുപ്പിക്കാൻ മാത്രമാണ് ഭരണകൂടം അനുമതി നൽകിയിരുന്നത്. പരിപാടി സംഘടിപ്പിച്ച മാനവ് മംഗൾ മിലൻ സദ്ഭാവന സംഗമം സംഘാടക സമിതിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് ദുരന്തത്തിലേക്കു നയിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. പരിപാടി നടത്തുന്ന സ്ഥലത്ത് ഉൾക്കൊള്ളാവുന്നതിലും അധികം ആളുകളെ പങ്കെടുപ്പിച്ച സംഘാടക സമിതി പ്രാർഥന നടക്കുന്നയിടം അധികൃതർ സന്ദർശിക്കുന്നത് തടഞ്ഞു. ഹാഥ്‌റസ് കലക്ടർ, പൊലീസ് സൂപ്രണ്ട് എന്നിവരുൾപ്പെടെ 132 പേരുടെ മൊഴിയാണ് റിപ്പോർട്ടിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *