ഹരിയാന ബിജെപിയിൽ പോര് രൂക്ഷം; മുൻമന്ത്രി ഉൾപ്പെടെ 8 വിമതരെ പുറത്താക്കി

ഹരിയാന  മുൻമന്ത്രി രഞ്ജിത് സിങ് ചൗട്ടാലയെയും മറ്റ് ഏഴുനേതാക്കളെയും ആറുവർഷത്തേക്ക് ബി.ജെ.പി.യിൽനിന്ന് പുറത്താക്കി. നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്രരായി മത്സരിക്കുമെന്ന് ഇവർ പ്രഖ്യാപിച്ചതിനെത്തുടർന്നാണ് പുറത്താക്കിയത്. റാനിയ സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് ചൗട്ടാല ബി.ജെ.പി. വിടാൻ നേരത്തെ തീരുമാനിച്ചിരുന്നു.

മുഖ്യമന്ത്രി നയാബ് സിങ് സെയ്നി ഉൾപ്പെടെയുള്ള ബി.ജെ.പി. നേതാക്കൾക്കെതിരെ മത്സരിക്കാൻ ഇവർ നാമനിർദേശപത്രിക സമർപ്പിച്ചിരുന്നു. ഇതിനെ തുടർന്നാണ് പാർട്ടി നടപടി. രഞ്ജിത് സിങ് ചൗട്ടാലയ്ക്കു പുറമെ, സന്ദീപ് ഗാർഗ്, സൈൽ റാം ശർമ, ബച്ചൻ സിങ് ആര്യ, രാധ അഹ്ലാവത്ത്, നവീൻ ഗോയൽ, കെഹാർ സിങ് റാവത്ത് എന്നിവരാണ് പുറത്താക്കപ്പെട്ട മറ്റ് നേതാക്കൾ.

നേതാക്കൾക്കിടയിൽ ഐക്യം കൊണ്ടുവരാൻ സാധിക്കാത്ത പാർട്ടിക്ക് എങ്ങിനെയാണ് സംസ്ഥാനത്ത് സ്ഥിരത കൊണ്ടുവരുമെന്ന് കോൺഗ്രസിനെ ഉന്നംവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണത്തിനിടെ ചോദിച്ചിരുന്നു. ആര് മുഖ്യമന്ത്രിയാകുമെന്ന കാര്യത്തിൽ കോൺഗ്രസിൽ തർക്കമുണ്ടെന്നും മോദി ആരോപിച്ചു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ബി.ജെ.പി.യിലും ഉൾപാർട്ടി പോര് രൂക്ഷമാകുന്നത്.

പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളുടെപേരിൽ 13 നേതാക്കളെ ഹരിയാണ കോൺഗ്രസ് വെള്ളിയാഴ്ച പുറത്താക്കിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ടിക്കറ്റ് നിഷേധിച്ചതിൽ ബി.ജെ.പി.യുടെയും കോൺഗ്രസിന്റെയും ഒട്ടേറെ നേതാക്കൾ നീരസം പ്രകടിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *