ഹരിയാനയിൽ മുഖ്യമന്ത്രിയായി സ്ഥാനമേറ്റ നയാബ് സിങ് സെയ്നി വിശ്വാസ വോട്ട് നേടി. വോട്ടടുപ്പിൽ നിന്ന് വിട്ടുനിൽക്കാൻ പാർട്ടി നൽകിയ വിപ്പ് ലംഘിച്ച് അഞ്ച് ജെജെപി എംഎൽഎമാർ നിയമസഭയിലെത്തി. പത്ത് എംഎൽഎമാരാണ് ജെജെപിക്കുള്ളത്. ബിജെപി – ജെജെപി സഖ്യം പിരിഞ്ഞതിന് പിന്നാലെ മനോഹർ ലാൽ ഖട്ടർ രാജിവയ്ക്കുകയും നായബ് സിങ് സെയ്നി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയുമായിരുന്നു. ജോഗി റാം സിഹാഗ്, രാം കുമാർ ഗൗതം, ഈശ്വർ സിങ്, രാംനിവാസ്, ദേവീന്ദർ ബബ്ലി എന്നീ ജെജെപി പ്രതിനിധികളാണ് വിപ്പ് ലംഘിച്ച് സഭയിലെത്തിയത്. മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ച മുൻ ആഭ്യന്തരമന്ത്രിയും ബിജെപി നേതാവുമായ അനിൽ വിജും വിശ്വാസ വോട്ടടുപ്പിൽ പങ്കെടുക്കാനായി സഭയിൽ എത്തി. 90 അംഗ നിയമസഭയിൽ 6 സ്വതന്ത്രരുടെ പിന്തുണ ഉൾപ്പടെ 48 അംഗങ്ങളുടെ പിന്തുണയുണ്ടെന്നായിരുന്നു ബിജെപിയുടെ അവകാശവാദം. ഇതിനുപുറമെ അഞ്ച് ജെജെപി എംഎൽഎമാരും ബിജെപിക്ക് അനുകൂലമായി വോട്ടുചെയ്തു.
അതേസമയം, താൻ എംഎൽഎ സ്ഥാനം രാജിവയ്ക്കുകയാണെന്ന് മുൻ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ നിയമസഭയിൽ പ്രഖ്യാപിച്ചു. കർണാലിൽ നിന്നുള്ള എംഎൽഎയാണ് ഖട്ടർ. നിയമസഭ അംഗമല്ലാത്ത നയാബ് സിങിന് മത്സരിക്കാൻ വേണ്ടിയാണ് താൻ രാജിവയ്ക്കുന്നത് എന്നാണ് ഖട്ടർ വ്യക്തമാക്കിയിരിക്കുന്നത്. കർണാൽ ലോക്സഭ മണ്ഡലത്തിൽ ഖട്ടറിനെ ബിജെപി സ്ഥാനാർഥിയാക്കിയേക്കും. അതേസമയം, നയാബ് സിങിന്റെ മുഖ്യമന്ത്രിയായുള്ള സത്യപ്രതിജ്ഞയെ ചോദ്യം ചെയ്ത് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി സമർപ്പിക്കപ്പെട്ടു. അഭിഭാഷകനായ ജഗ്മോഹൻ സിങ് ഭട്ടിയാണ് പൊതുതാത്പര്യ ഹർജി സമർപ്പിച്ചത്. പാർലമെന്റ് എംപി സ്ഥാനം രാജിവയ്ക്കാതെയാണ് സെയ്നി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതെന്നും ഇത് ഭരണഘടനയുടെയും 1951-ലെ ജനപ്രാതിനിധ്യ നിയമത്തിന്റേയും ലംഘനമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
ചൊവ്വാഴ്ചയാണ് മനോഹർ ലാൽ ഖട്ടർ ഹരിയാന മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. ലോക്സഭ തിരഞ്ഞെടുപ്പ് സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള ജെജെപി – ബിജെപി തർക്കമാണ് സഖ്യം തകരുന്നതിലേക്ക് നയിച്ചത്. ഉപമുഖ്യമന്ത്രിയായിരുന്ന ദുഷ്യന്ത് ചൗട്ടാലയുടെ പാർട്ടിയായ ജെജെപി രണ്ട് സീറ്റുകൾ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, പത്ത് സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കാനാണ് ബിജെപി തീരുമാനം.