ഹരിയാനയിൽ മുന്നേറി കോൺഗ്രസ്; കശ്മീരിൽ ഇൻഡ്യ സഖ്യത്തിന് വൻ മുന്നേറ്റം

നിയമസഭ തെരഞ്ഞെടുപ്പിൻറെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഹരിയാനയിലും ജമ്മുകശ്മീരിലും കോൺഗ്രസിന്റെ മുന്നേറ്റമാണ് കാണുന്നത്. ഏറ്റവും ഒടുവിലെ ലീഡ് നിലകൾ പ്രകാരം 54 സീറ്റുകളിലാണ് ജമ്മുകശ്മീരിലെ ഇൻഡ്യ സഖ്യത്തിന്റെ മുന്നേറ്റം. ഏറ്റവും ഒടുവിലെ ഫലസൂചനകൾ പ്രകാരം ഹരിയാനയിൽ കോൺഗ്രസ് 65 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. 90 അംഗ നിയമസഭയിൽ 46 പേരുടെ പിന്തുണയാണ് ഭൂരിപക്ഷത്തിന് വേണ്ടത്. ഇപ്പോഴത്തെ ലീഡ് നില അനുസരിച്ച് കോൺഗ്രസ് കേവല ഭൂരിപക്ഷം പിന്നിട്ടുകഴിഞ്ഞു. 19 സീറ്റുകളിൽ മാത്രമാണ് ബിജെപിയുടെ മുന്നേറ്റം. ഐൻഎൽഡി ഒരു സീറ്റിലും ജെജെപി രണ്ട് സീറ്റിലും ലീഡ് ചെയ്യുന്നു. എഎപിക്ക് നിലവിൽ ഒരു മണ്ഡലങ്ങളിലും മുന്നേറനായിട്ടില്ല.

എന്നാൽ, ജമ്മുകശ്മീരിൽ തുടക്കം മുതൽ ലീഡ് നിലകൾ മാറിമറിഞ്ഞ നിലയിലായിരുന്നു. ഒരു ഘട്ടത്തിൽ ഇൻഡ്യ സഖ്യവും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവെച്ചിരുന്നത്. ഇൻഡ്യ മുന്നണിയുടെ മുന്നേറ്റത്തോടെയാണ് വോട്ടെണ്ണൽ തുടങ്ങിയതെങ്കിലും ബിജെപി തൊട്ടുപിന്നാലെ എത്തി. ഏറ്റവും ഒടുവിലെ കണക്കുകളിൽ 54 സീറ്റുകളിൽ ഇൻഡ്യ സഖ്യം മുന്നിട്ട് നിൽക്കുന്നുണ്ടെങ്കിലും 23 സീറ്റുകളിൽ ബിജെപിയും ലീഡ് ചെയ്യുന്നു. അഞ്ച് സീറ്റുകളിലാണ് പിഡിപിയുടെ മുന്നേറ്റം. മറ്റുള്ളവർ പതിനൊന്ന് സീറ്റുകളിലും ലീഡ് ചെയ്യുന്നു. ഈ കണക്ക് ഏത് സമയത്തും മാറിമറിയുന്ന സ്ഥിതിയാണ്. 90 അംഗനിയമസഭയിൽ 46 പേരുടെ പിന്തുണയാണ് ഭൂരിപക്ഷത്തിന് വേണ്ടത്.

അതേസമയം ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് ഹരിയാനയിലെ കോൺഗ്രസിന്റെ മുന്നേറ്റം പ്രവർത്തകർ ആഘോഷിച്ചു. ഹരിയാനയിൽ കോൺഗ്രസും ജമ്മു-കശ്മീരിൽ തൂക്കുസഭയുമാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചിട്ടുള്ളത്. ഹരിയാനയിൽ ഒക്‌ടോബർ അഞ്ചിന് ഒറ്റഘട്ടമായി നടന്ന വോട്ടെടുപ്പിൽ 61 ശതമാനവും ജമ്മു-കശ്മീരിൽ സെപ്റ്റംബർ 18, 28, ഒക്ടോബർ ഒന്ന് തീയതികളിൽ മൂന്ന് ഘട്ടമായി നടന്ന വോട്ടെടുപ്പിൽ 63 ശതമാനവും പോളിങ്ങാണ് രേഖപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *