‘ഹരിയാനയിൽ ബി.ജെ.പി അധികാരത്തിൽ വന്നതുമുതൽ ദലിതുകളുടെയും പിന്നാക്ക വിഭാഗങ്ങളുടെയും അവകാശങ്ങൾ ഹനിക്കുന്നു’; ഭൂപീന്ദർ സിങ് ഹൂഡ

ഹരിയാനയിൽ ബി.ജെ.പി അധികാരത്തിൽ വന്നതുമുതൽ ദലിതുകളുടെയും പിന്നാക്ക വിഭാഗങ്ങളുടെയും അവകാശങ്ങൾ ഹനിക്കുകയാണെന്ന് ഹരിയാന കോൺഗ്രസ് നേതാവ് ഭൂപീന്ദർ സിങ് ഹൂഡ പറഞ്ഞു. എസ്‌സി, ഒബിസി വിരുദ്ധ മനോഭാവമാണ് ഭരണകക്ഷിക്കെന്നും മുന്‍ ഹരിയാന മുഖ്യമന്ത്രി കൂടിയായ ഹൂഡ ആരോപിക്കുകയുണ്ടായി. ഗുരു ദക്ഷ് പ്രജാപതി മഹാരാജിൻ്റെ ജന്മദിനവാര്‍ഷിക ചടങ്ങില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

സ്വകാര്യവൽക്കരണത്തിലൂടെയും സ്‌കിൽ കോർപ്പറേഷനിലൂടെയും സ്ഥിരം സർക്കാർ ജോലികൾ ബി.ജെ.പി അവസാനിപ്പിക്കുന്നതിൻ്റെ കാരണം ഇതാണ്. ഇതോടൊപ്പം സർക്കാർ സ്‌കൂളുകൾ അടച്ചുപൂട്ടി വിദ്യാഭ്യാസ സമ്പ്രദായം തുടർച്ചയായി സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറുകയാണെന്നും സർക്കാർ ജോലികളും സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇല്ലാതായാൽ എസ്‌സി, ഒബിസി സംവരണം അതോടെ അവസാനിക്കുമെന്നും ഭൂപീന്ദർ സിങ് ഹൂഡ ചൂണ്ടിക്കാട്ടി.

കോൺഗ്രസും പിന്നാക്ക സമൂഹവും പരസ്പര പൂരകങ്ങളാണ്. ഇവര്‍ മുഖം തിരിക്കുമ്പോള്‍ മാത്രമാണ് കോൺഗ്രസ് അധികാരത്തിൽ നിന്ന് പുറത്താകുന്നത്. കോൺഗ്രസ് അധികാരത്തിൽ നിന്ന് പുറത്തായാൽ ഏറ്റവും വലിയ നഷ്ടം സഹിക്കേണ്ടി വരുന്നത് പിന്നാക്ക സമൂഹത്തിനാണ്. കാരണം മറ്റെല്ലാ പാർട്ടികളും പിന്നാക്ക വിഭാഗത്തിൻ്റെ അവകാശങ്ങളെ ഹനിക്കുന്നു. പിന്നാക്ക വിഭാഗങ്ങളുടെ സംവരണം അവസാനിപ്പിക്കാൻ ബി.ജെ.പി ക്രീമി ലെയർ പരിധി 8 ലക്ഷത്തിൽ നിന്ന് 6 ലക്ഷമായി കുറച്ചു. കൗശൽ റോജ്ഗർ നിഗം ​​നടപ്പാക്കിയതിലൂടെ ഈ സർക്കാർ എസ്‌സി, ഒബിസി സംവരണം പൂർണമായും അവസാനിപ്പിച്ചു.സംസ്ഥാനത്ത് 2 ലക്ഷത്തിലധികം സ്ഥിരം ജോലികൾ ഒഴിഞ്ഞുകിടക്കുന്നുണ്ട്. ആയിരക്കണക്കിന് ഒബിസി തസ്തികകളിലാണ് ഒഴിവുള്ളത്. എന്നാൽ അത് നികത്താൻ ബി.ജെ.പി ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വരുന്ന ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ തൻ്റെ പാർട്ടി അധികാരത്തിൽ വന്നാൽ ഒഴിവുള്ള 2 ലക്ഷം തസ്തികകളും നികത്തുമെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു. പേപ്പർ ചോർച്ചയും റിക്രൂട്ട്‌മെൻ്റ് മാഫിയയും ഒഴിവാക്കി മെറിറ്റിൻ്റെ അടിസ്ഥാനത്തിൽ എല്ലാ ജോലികളും നൽകുമെന്നും ക്രീമി ലെയറിൻ്റെ പരിധി 8ൽ നിന്ന് 10 ലക്ഷമാക്കി ഉയർത്തുമെന്നും ഭൂപീന്ദർ സിങ് ഹൂഡ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *