ഹരിയാണയിൽ പാർട്ടിയേക്കാൾ സ്വന്തം മുന്നേറ്റത്തിനാണ് പ്രാദേശിക നേതാക്കൾക്ക് താൽപര്യം; പാർട്ടിയെക്കുറിച്ച് ചിന്തിച്ചില്ലെന്ന് രാഹുൽ ഗാന്ധി

ഹരിയാണയിൽ കോൺഗ്രസിന് ജയിക്കാവുന്ന തിരഞ്ഞെടുപ്പായിരുന്നെന്നും പാർട്ടിയേക്കാൾ സ്വന്തം മുന്നേറ്റത്തിനാണ് പ്രാദേശിക നേതാക്കൾക്ക് താൽപര്യമെന്നും കുറ്റപ്പെടുത്തി രാഹുൽ ഗാന്ധി. നേതാക്കൾ പാർട്ടിയെക്കുറിച്ച് ചിന്തിച്ചില്ലെന്നും അദ്ദേഹം വിമർശിച്ചു. തുടർന്ന് അദ്ദേഹം യോഗത്തിൽ നിന്ന് ഇറങ്ങിപോയതായും കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ്18 റിപ്പോർട്ട് ചെയ്തു.

വോട്ടെണ്ണലിന്റെ കാര്യത്തിൽ എന്ത് പിഴവ് സംഭവിച്ചുവെന്നതിനെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് വേണമെന്നും അദ്ദേഹം ആവശ്യമുന്നയിച്ചതായാണ് വിവരം. ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയത്തിൽ രാഹുൽ ഗാന്ധി രോഷാകുലനായതായി നേരത്തേ റിപ്പോർട്ട് വന്നിരുന്നു. തോൽവിയെ തുടർന്ന് ചേർന്ന അവലോകന യോഗത്തിൽ കോൺഗ്രസിന് വിജയിക്കാമായിരുന്നുവെന്നും നേതാക്കളുടെ സ്വാർഥത മൂലം പരാജയപ്പെട്ടെന്നും വിമർശിച്ച് രാഹുൽ രോഷാകുലനായതായി എഴുന്നേറ്റുപോയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹരിയാണ തിരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വിളിച്ചുചേർത്ത അവലോകന യോഗത്തിൽ രാഹുൽ പങ്കെടുത്തിരുന്നു. ഹരിയാണയിലെ കോൺഗ്രസ് നേതാക്കൾ സ്വാർത്ഥരാണെന്നും അതുമൂലം നഷ്ടമുണ്ടായിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടതായാണ് റിപ്പോർട്ട്. അജയ് മാക്കൻ, അശോക് ഗെഹ്ലോട്ട്, ദീപക് ബാബരിയ, കെസി വേണുഗോപാൽ തുടങ്ങിയവരും യോഗത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *