സർക്കാരിനെ ജനം വെറുക്കുന്നു; നേതൃത്വത്തിന് കത്തയച്ച് മണിപ്പുർ ബിജെപി

മണിപ്പുരിലെ ബിജെപി സർക്കാരിനോട് ജനങ്ങൾക്ക് കടുത്ത രോഷമാണെന്നു തുറന്നുപറഞ്ഞ് പാർട്ടി സംസ്ഥാന നേതൃത്വം ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയ്ക്കു കത്തയച്ചു. മാസങ്ങളായി തുടരുന്ന കലാപം അമർച്ച ചെയ്യുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും കത്തിൽ പറഞ്ഞു.

കഴിഞ്ഞ ദിവസം 2 മെയ്തെയ് ചെറുപ്പക്കാർ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷ എ.ശാരദാദേവിയുടെ വീടിനും മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ കുടുംബ വീടിനും നേരെ ആക്രമണമുണ്ടായിരുന്നു. ഒരു ബിജെപി ഓഫിസ് കത്തിക്കുകയും ചെയ്തു. ആറാം തവണയാണ് ബിജെപി പ്രസിഡന്റിന്റെ വീടിനു നേരെ ആക്രമണമുണ്ടാവുന്നത്. അതിനു ശേഷമാണ് ശാരദാദേവി, വൈസ് പ്രസിഡന്റ് ചിദാനന്ദ സിങ് എന്നിവരും മറ്റ് 6 മുതിർന്ന നേതാക്കളും ഒപ്പിട്ട കത്ത് നഡ്ഡയ്ക്ക് അയച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കണമെന്നും അഭ്യർഥിച്ചിട്ടുണ്ട്. വീടു വിട്ടോടിയ ജനങ്ങളെ പുനരധിവസിപ്പിക്കുക, നഷ്ടപ്പെട്ട സ്വത്തിനും ജീവനും മതിയായ നഷ്ടപരിഹാരം നൽകുക, സേനകളുടെ നിയന്ത്രണാധികാരം ആവശ്യമെങ്കിൽ സംസ്ഥാന സർക്കാരിനു നൽകുക, കലാപശ്രമങ്ങളെ തീവ്രവാദമായി കണ്ടു നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങളും കത്തിലുണ്ട്. സംസ്ഥാന സർക്കാ‍രും പാർട്ടി സംസ്ഥാന ഘടകവും രാപകൽ ശ്രമിക്കുന്നുണ്ടെങ്കിലും ഒന്നും ഫലിക്കുന്നില്ലെന്ന് കത്തിൽ പറഞ്ഞു. കത്തിനെക്കുറിച്ചു പ്രതികരിക്കാൻ ബിജെപി ദേശീയ നേതൃത്വം തയാറായിട്ടില്ല. 

Leave a Reply

Your email address will not be published. Required fields are marked *