സ്മൃതി ഇറാനിയുടെ ശബ്ദം ഫോണിൽ തിരിച്ചറിഞ്ഞില്ല; യുപി ഉദ്യോഗസ്ഥനെതിരെ അന്വേഷണം

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ശബ്ദം ഫോണിൽ തിരിച്ചറിയാതിരുന്ന സർക്കാർ ഉദ്യോഗസ്ഥനെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഉത്തർപ്രദേശ് സർക്കാർ. ഔദ്യോഗികകൃത്യ നിർവഹണത്തിൽ വീഴ്ച വരുത്തിയെന്ന കുറ്റമാണ് അന്വേഷിക്കുന്നത്. മുസാഫിർഖാന തെഹ്സിലിനു കീഴിലുള്ള പൂരെ പഹൽവാൻ ഗ്രാമത്തിൽ താമസിക്കുന്നയാൾ ഓഗസ്റ്റ് 27ന് സ്മൃതി ഇറാനിക്കു നൽകിയ പരാതിയാണ് സംഭവത്തിന് ആധാരം. 

അധ്യാപകനായിരുന്നു പിതാവ് അന്തരിച്ചുവെന്നും മാതാവിന് അർഹതപ്പെട്ട പെൻഷൻ ലഭിക്കാൻ വൈകുന്നുവെന്നുവെന്നും ആയിരുന്നു പരാതി. ദീപക് എന്ന ക്ലർക്ക് ബന്ധപ്പെട്ട പരിശോധന നടത്താൻ വൈകുന്നതാണ് കാരണമെന്നും പരാതിക്കാരനായ കരുണേഷ് ചൂണ്ടിക്കാട്ടി. ഇക്കാര്യം അന്വേഷിക്കാനായി സ്മൃതി ഇറാനി ഫോണിൽ വിളിച്ചപ്പോൾ ദീപക്കിന് കേന്ദ്രമന്ത്രിയുടെ ശബ്ദം തിരിച്ചറിയാൻ കഴിഞ്ഞില്ല. ഇതോടെ മന്ത്രിയുടെ ഒപ്പമുണ്ടായിരുന്ന ചീഫ് ഡെവലപ്മെന്റ് ഓഫിസർ ഫോൺ വാങ്ങി ദീപക്കിനോട് തന്നെ ഓഫിസിലെത്തി കാണാൻ നിർദേശിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മുസാഫിർഖാന സബ് ഡിവിഷണൽ മജിസ്ട്രേറ്റിനു നിർദേശം നൽകി. റിപ്പോർട്ട് ലഭിച്ചതിനു ശേഷം നടപടി സ്വീകരിക്കുമെന്ന് സിഡിഒ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *