സോണിയാ ഗാന്ധിയോട് തെലങ്കാനയിൽ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

കോൺ​ഗ്രസ് നേതാവ് സോണിയ ​ഗാന്ധി തെലങ്കാനയിൽ മത്സരിച്ചേക്കുമെന്ന് അഭ്യൂഹം. റായ്‍ബറേലി വിട്ട് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കോൺഗ്രസ് അധികാരത്തിലുള്ള സംസ്ഥാനങ്ങളിൽ മത്സരിക്കാൻ ആലോചനയുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

സോണിയാ ഗാന്ധിയോട് തെലങ്കാനയിൽ മത്സരിക്കണമെന്ന് നേരിട്ട് കണ്ട് ആവശ്യപ്പെട്ടിരിക്കുകയാണ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. റായ്ബറേലിയിൽ പ്രിയങ്കാ ഗാന്ധി മത്സരിക്കണമെന്ന് അഭ്യർത്ഥിച്ചതായും രേവന്ത് റെഡ്ഡി വ്യക്തമാക്കി.

ഡൽഹിയിലെത്തിയ രേവന്ത് റെഡ്ഡി ഇക്കാര്യമഭ്യർത്ഥിച്ച് രാഹുലിനെയും സോണിയയെയും കണ്ടു. ജാർഖണ്ഡിലെ ഭാരത് ജോഡോ ന്യായ് യാത്ര വേദിയിൽ വച്ചാണ് രാഹുൽ ​ഗാന്ധിയുമായി രേവന്ത് റെഡ്ഡി കൂടിക്കാഴ്ച നടത്തിയത്. എന്നാൽ ശരിയായ സമയത്ത് തീരുമാനമറിയിക്കാമെന്നാണ് രേവന്ത് റെഡ്ഡിയോട് സോണിയയുടെ മറുപടി.

സോണിയ തെലങ്കാനയിൽ മത്സരിക്കാനെത്തിയാൽ അത് പാർട്ടിക്ക് ലോക്സഭാ തെരഞ്ഞെടുപ്പിൽ വലിയ ഊ‍ർജമാകുമെന്നും രേവന്ത് റെഡ്ഡി ചൂണ്ടിക്കാണിച്ചു. നേരത്തേ സോണിയാ ഗാന്ധി ലോക്സഭാ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിന്ന് കർണാടക വഴി രാജ്യസഭയിലെത്തുമെന്ന റിപ്പോർട്ടുകൾ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ തള്ളിയിരുന്നു. 2004 മുതൽ റായ്ബറേലി സോണിയാ ഗാന്ധിയുടെ സ്വന്തം തട്ടകമാണ്.

Leave a Reply

Your email address will not be published. Required fields are marked *