സെയ്‌ഫ് അലി ഖാനെ ആക്രമിച്ച പ്രതിയെ അഞ്ചുദിവസത്തെ കസ്റ്റഡിയിൽ വിട്ടു; ആരോപണങ്ങൾ തെറ്റാണെന്നാണ് പ്രതിയുടെ അഭിഭാഷകൻ

ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ഷെരീഫുൾ ഇസ്ലാം ഷെഹ്‌‌സാദിനെ അഞ്ചുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. 14 ദിവസത്തെ കസ്റ്റഡിയായിരുന്നു മുംബയ് കോടതിയിൽ പൊലീസ് ആവശ്യപ്പെട്ടത്.

ബംഗ്ലാദേശ് സ്വദേശിയായ പ്രതി ഇന്നുരാവിലെയാണ് പിടിയിലായത്. ഷെരീഫുൾ ഇസ്ലാം ഷെഹ്‌‌സാദ് അഞ്ച് മാസം മുമ്പാണ് മുംബയിലെത്തിയതെന്നാണ് പൊലീസ് പറയുന്നത്. അനധികൃതമായിട്ടാണ് ഇയാൾ ഇന്ത്യയിലെത്തിയത്. ബിജോയ് ദാസ് എന്ന് പേര് മാറ്റി. ഇയാളുടെ പക്കൽ ഇന്ത്യൻ രേഖകളൊന്നും ഇല്ല. പാസ്‌പോർട്ട് ആക്ട് കുറ്റങ്ങൾ ചുമത്തി കേസെടുത്തിട്ടുണ്ട്.

കവർച്ച നടത്താനാണ് പ്രതി നടന്റെ വീട്ടിൽ കയറിയത്. സെലിബ്രിറ്റികൾ താമസിക്കുന്ന മേഖലയായതിനാൽ വൻ സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടാകുമെന്ന് പ്രതിക്കറിയാമായിരുന്നു. മുംബയിൽ ഹൗസ് കീപ്പിംഗ് ഏജൻസിയിൽ ജോലി ചെയ്തു‌വരികയായിരുന്നു പ്രതി. കവർച്ചക്കായി പ്രതിയെ മറ്റാരെങ്കിലും സഹായിച്ചോയെന്നതും അന്വേഷിക്കുകയാണെന്ന് പൊലീസ് കോടതിയെ അറിയിച്ചു.

മുംബയിൽ ഇയാൾക്ക് ബന്ധുക്കളാരെങ്കിലുമുണ്ടോയെന്നതിലും അന്വേഷിക്കുന്നുണ്ട്. ആക്രമണത്തിനുശേഷം രക്തം പുരണ്ട വസ്ത്രങ്ങൾ ഇയാൾ ഒളിപ്പിച്ചതായി സംശയിക്കുന്നു. രക്ത സാമ്പിളുകൾ പരിശോധിക്കാൻ ഈ വസ്ത്രങ്ങൾ കണ്ടെടുക്കേണ്ടതുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചു.

അതേസമയം, ആരോപണങ്ങൾ തെറ്റാണെന്നാണ് പ്രതിയുടെ അഭിഭാഷകൻ ദിനേഷ് പ്രജാപതി വാദിച്ചത്. സെലിബ്രിറ്റിയാണ് ആക്രമിക്കപ്പെട്ടതെന്നതിനാലാണ് സംഭവത്തിന് കൂടുതൽ ശ്രദ്ധ ലഭിക്കുന്നത്. ഹൈ പ്രൊഫൈൽ കേസായതിനാൽ ഷെരീഫിനെ ബലിയാടാക്കുകയാണ്. ഷെരീഫിൽ നിന്ന് കുറ്റം തെളിയിക്കുന്നതായി ഒന്നും കണ്ടെടുത്തിട്ടില്ല. ബംഗ്ളാദേശിയാണെന്ന് തെളിയിക്കുന്ന രേഖകളും പൊലീസിന്റെ പക്കലില്ലെന്ന് അഭിഭാഷകൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *