സെയ്ഫ് അലിഖാന് കുത്തേറ്റ സംഭവം ; കരീന കപൂറിൻ്റെയും സെയ്ഫ് അലിഖാൻ്റെയും മൊഴി രേഖപ്പെടുത്തി , ഇന്നലെ കസ്റ്റഡിയിൽ എടുത്ത് വിട്ടയാളെ വീണ്ടും കസ്റ്റഡിയിലെടുത്തു

മുംബൈ ബാന്ദ്രയിലെ വീട്ടിലെ കവർച്ചാ ശ്രമത്തിനിടെ ആക്രമണത്തിൽ പരിക്കേറ്റ സംഭവത്തിൽ കരീന കബൂറിന്റെയും സെയ്ഫ് അലിഖാന്റെയും മൊഴി രേഖപ്പെടുത്തി. ഇന്നലെയാണ് ഇരുവരുടേയും മൊഴി രേഖപ്പെടുത്തിയത്. അതിനിടെ, സെയ്ഫ് അലിഖാനെ ആക്രമിച്ച പ്രതിയുടെ പുതിയ ദൃശ്യങ്ങൾ പുറത്ത് വന്നു. കുറ്റകൃത്യത്തിനുശേഷം പ്രതി പുറത്തെത്തി വസ്ത്രം മാറിയതായും തുടർന്ന് ബാന്ദ്ര റെയിൽവേ സ്റ്റേഷനിൽ എത്തിയതായും പൊലീസിന് വിവരം ലഭിച്ചു. പ്രതിയുടെ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടു. നിലവിലെ അന്വേഷണം ഈ ചിത്രങ്ങൾ കേന്ദ്രീകരിച്ചാണ്.

നീല ഷർട്ട് ഇട്ട് റെയിൽവേ സ്റ്റേഷനിലേക്ക് കയറിപ്പോകുന്ന അക്രമിയുടെ ചിത്രങ്ങളാണ് പൊലീസിന് ലഭിച്ചത്. പ്രതി ഒറ്റക്കല്ലെന്നും ഇയാളെ സഹായിക്കാൻ മറ്റാളുകൾ ഉണ്ടെന്നുമുള്ള നിഗമനത്തിലാണ് പൊലീസ്. അതേസമയം, ഇന്നലെ നാലുമണിക്കൂറോളം ചോദ്യം വിട്ടയച്ചയാളെ വീണ്ടും പൊലീസ് കസ്റ്റഡിയിൽ എടുത്തെന്നാണ് സൂചന. ഇയാളെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. മൊഴികളിൽ ചില സംശയങ്ങൾ ഉണ്ടായതിനെ തുടർന്നാണ് ഇയാളെ ചോദ്യം ചെയ്യുന്നത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ പൊലീസ് 20ലധികം ആളുകളെ ചോദ്യം ചെയ്തു.

സെയ്ഫ് അലിഖാന്റെ വീട്ടിലെ ജോലിക്കാർ, സെക്യൂരിറ്റി, മറ്റു ജീവനക്കാർ തുടങ്ങിയവരുടെ വിശദമായ മൊഴിയെടുത്തു. അന്നേദിവസം അവരെവിടെ എന്ന് പരിശോധിച്ച പൊലീസ് മൊബൈൽ ഫോൺ രേഖകൾ അടക്കം പരിശോധിക്കുന്നുണ്ട്. 

Leave a Reply

Your email address will not be published. Required fields are marked *