സെയ്‌ഫിന് കുത്തേറ്റ സംഭവം; ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർക്ക് 11,000 രൂപ പാരിതോഷികം

മോഷ്‌ടാവിന്റെ ആക്രമണത്തിൽ പരിക്കേറ്റ് ചോരയൊലിപ്പിച്ച് നിന്ന നടൻ സെയ്‌ഫ് അലി ഖാനെ ആശുപുത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർക്ക് പാരിതോഷികം. ഒരു സ്ഥാപനമാണ് പാരിതോഷികം പ്രഖ്യാപിച്ചതെന്നാണ് റിപ്പോർട്ട്. കുത്തുകളേറ്റ് ചോരവാർന്നുകൊണ്ടിരിക്കുന്ന നിലയിലാണ് മകൻ ഇബ്രാഹിം അലി ഖാൻ, സെയ്ഫ് അലി ഖാനെ ഓട്ടോറിക്ഷയിൽ ആശുപത്രിയിലെത്തിച്ചത്.

അപകടം നടന്ന സമയത്ത് വീട്ടിൽ ഡ്രൈവർമാർ ആരും ഇല്ലാതിരുന്നതിനാലും ഒട്ടും സമയം കളയാനില്ലാത്തതിനാലുമാണ് ആ വഴി വന്ന ഒരു ഓട്ടോയിൽ കയറ്റി സെയ്ഫിനെ രണ്ട് കിലോമീറ്റർ അകലെയുള്ള ലീലാവതി ആശുപത്രിയിലെത്തിച്ചത്. ഭജൻ സിം​ഗ് റാണ എന്നയാളായിരുന്നു ഡ്രൈവർ. ഇദ്ദേഹത്തിനാണ് ഇപ്പോൾ ഒരു സ്ഥാപനം 11,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.

കേസന്വേഷണവുമായി ബന്ധപ്പെട്ട് മൊഴിയെടുക്കാൻ ബാന്ദ്ര പൊലീസ് ഭജൻ സിം​ഗിനെ വിളിപ്പിച്ചിരുന്നു. പണത്തെക്കുറിച്ചൊന്നും അപ്പോൾ ചിന്തിച്ചിരുന്നില്ലെന്നാണ് അ​ദ്ദേഹം ഒരു വാർത്താ ഏജൻസിയോട് പ്രതികരിച്ചത്. കരീനയോ മറ്റാരെങ്കിലുമോ തന്നെ ഇതുവരെ വിളിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ധരിച്ചിരുന്ന വെളുത്ത കുർത്ത രക്തത്തിൽ കുതിർന്നിരുന്നു. നടനാണെന്നൊന്നും ആ സമയത്ത് മനസിലായിരുന്നില്ല. ചോരവാർന്നുകൊണ്ടിരിക്കുന്ന ഒരാളെ എങ്ങനെയെങ്കിലും ആശുപത്രിയിലെത്തിക്കണമെന്ന് മാത്രമായിരുന്നു മനസിലുണ്ടായിരുന്നതെന്നും റാണ മറ്റൊരു മാദ്ധ്യമത്തോട് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *