സെയ്ഫിന്റെ വീട്ടിലെ മോഷ്ടാവെന്ന് പറഞ്ഞ് ചിത്രം പുറത്തുവിട്ടു; ‘ജോലി പോയി, വിവാഹം മുടങ്ങി’: ജീവിതം തകർന്നെന്ന് യുവാവ്

സെയ്ഫ് അലി ഖാനെ ആക്രമിച്ച പ്രതിയെന്നു സംശയിച്ചു മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്ത ഛത്തീസ്ഗഡ് സ്വദേശിയായ യുവാവിനു ജോലി നഷ്ടപ്പെട്ടു, വിവാഹവും മുടങ്ങി. പ്രതിയെന്ന് ഉറപ്പിച്ച് പൊലീസ് ചിത്രം അടക്കം പുറത്തുവിട്ട ആകാശ് കനോജിയയ്ക്കാണ് (31) ഈ ദുർഗതി.

മുംബൈയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന ആകാശ്, മുംബൈ എൽടിടി– കൊൽക്കത്ത ഷാലിമാർ ജ്ഞാനേശ്വരി എക്സ്പ്രസിൽ യാത്ര ചെയ്യവേയാണ് കഴിഞ്ഞ 18ന് റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തത്.  19നു പുലർച്ചെ യഥാർഥ പ്രതിയും ബംഗ്ലദേശ് സ്വദേശിയുമായ മുഹമ്മദ് ഷെരിഫുൾ ഇസ്‌ലാം ഷെഹ്സാദിനെ മുംബൈയ്ക്ക് അടുത്ത് താനെയിൽനിന്നു പിടികൂടി. പിന്നാലെ ആകാശിനെ വിട്ടയച്ചെങ്കിലും പ്രതിയെന്ന മട്ടിൽ എല്ലായിടത്തും വാർത്തയും പടവും പ്രചരിച്ചിരുന്നു.

‘‘മുംബൈ പൊലീസിന്റെ ജാഗ്രതക്കുറവ് എന്റെ ജീവിതം തകർത്തു. കുറ്റവാളിയെന്ന മട്ടിൽ അവർ എന്റെ പടം പുറത്തുവിട്ടു. പ്രതിശ്രുത വധുവിനെ കാണാനുള്ള യാത്രയ്ക്കിടെയാണ് കസ്റ്റഡിയിലാകുന്നത്. അതോടെ, പെൺവീട്ടുകാർ പിന്മാറി. ജോലിക്കു വരേണ്ടതില്ലെന്ന് തൊഴിലുടമയും പറഞ്ഞു. എന്തായാലും യഥാർഥ പ്രതി പിടിയിലായതിനാൽ രക്ഷപ്പെട്ടു. അല്ലാത്തപക്ഷം എല്ലാ കുറ്റവും എന്റെ മേൽ കെട്ടിവച്ചേനേ.’’– ആകാശ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *