സുപ്രീം കോടതിയില്‍ സമ്പൂര്‍ണ വനിതാ ബെഞ്ച് വീണ്ടും കേസുകള്‍ കേട്ടു

വനിതാജഡ്ജിമാര്‍ മാത്രം അടങ്ങുന്ന ബെഞ്ച് വ്യാഴാഴ്ച സുപ്രീം കോടതിയില്‍ കേസുകള്‍ കേട്ടു. ജസ്റ്റിസുമാരായ ഹിമ കോഹ്‌ലി, ബേല എം. ത്രിവേദി എന്നിവര്‍ അടങ്ങിയ സമ്പൂര്‍ണ വനിതാബെഞ്ചാണ് കേസുകള്‍ കേട്ടത്. ചരിത്രത്തില്‍ ഇത് മൂന്നാം തവണയാണ് സമ്പൂര്‍ണ വനിതാബെഞ്ച് സുപ്രീം കോടതിയില്‍ കേസുകള്‍ കേള്‍ക്കുന്നത്.

പത്ത് ട്രാന്‍സ്ഫര്‍ ഹര്‍ജികളും പത്ത് ജാമ്യഹര്‍ജികളും ഉള്‍പ്പടെ മുപ്പത്തി രണ്ട് ഹര്‍ജികളാണ് ജസ്റ്റിസുമാരായ ഹിമ കോഹ്‌ലി, ബേല എം. ത്രിവേദി എന്നിവര്‍ അടങ്ങിയ ബെഞ്ച് കേട്ടത്. ഇതില്‍ ഒന്‍പത് സിവില്‍ കേസുകളും മൂന്ന് ക്രിമിനല്‍ കേസുകളും ഉള്‍പ്പെടും.

2013-ലാണ് സമ്പൂര്‍ണ വനിതാബെഞ്ച് സുപ്രീം കോടതിയില്‍ ആദ്യമായി കേസുകള്‍ കേട്ടത്. ജസ്റ്റിസുമാരായ ഗ്യാന്‍സുധ മിശ്ര, രഞ്ജന പ്രകാശ് ദേശായി എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് അന്ന് കേസുകള്‍ കേട്ടത്. ബെഞ്ചിന് നേതൃത്വം നല്‍കിയിരുന്ന ജസ്റ്റിസ് അഫ്താബ് ആലം അന്ന് അവധി ആയിരുന്നതിനാല്‍ ആണ് ജസ്റ്റിസുമാരായ ഗ്യാന്‍സുധ മിശ്ര, രഞ്ജന പ്രകാശ് ദേശായി എന്നിവര്‍ അടങ്ങിയ വനിതാബെഞ്ച് കേസുകള്‍ കേട്ടിരുന്നത്. 2018-ല്‍ ജസ്റ്റിസുമാരായ ആര്‍. ഭാനുമതി, ഇന്ദിര ബാനര്‍ജി എന്നിവര്‍ അടങ്ങിയ സമ്പൂര്‍ണ വനിതാബെഞ്ച് കേസുകള്‍ കേട്ടിരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *