സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി (72) അന്തരിച്ചു. ശ്വാസകോശ അണുബാധയെ തുടർന്ന് ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ മാസം 19നാണ് ശ്വാസ തടസ്സത്തെ തുടർന്ന് സീതാറാം യെച്ചൂരിയെ എയിംസിൽ പ്രവേശിപ്പിച്ചത്. നില വഷളായതോടെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയായിരുന്നു.

ആന്ധ്രാപ്രദേശിലെ കിഴക്കൻ ഗോദാവരി സ്വദേശിയായ സീതാറം യെച്ചൂരി 1952 ഓഗസ്റ്റ് 12-ന് മദ്രാസിലാണ് ജനിച്ചത്. സർവേശ്വര സോമയാജി യെച്ചൂരിയുടെയും ഭാര്യ കൽപികയുടെയും മകനായിരുന്നു. ഡൽഹി സെൻറ് സ്റ്റീഫൻസ് കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ ഇദ്ദേഹം ജെ.എൻ.യുവിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. ജെ.എൻ.യുവിൽ വച്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ആകൃഷ്ടനായി. 1974-ൽ എസ്എഫ്‌ഐയിൽ അംഗമായി. മൂന്നുവട്ടം ജെ.എൻ.യു സർവകലാശാല യൂണിയൻ പ്രസിഡൻറായി. ജെഎൻയുവിൽ പിഎച്ച്ഡിക്ക് ചേർന്നെങ്കിലും അടിയന്തരാവസ്ഥക്കാലത്തെ ഒളിവുജീവിതം മൂലം പൂർത്തിയാക്കാനായില്ല.

അടിയന്തിരാവസ്ഥ കാലത്ത് 1975-ൽ അദ്ദേഹം അറസ്റ്റിലായി. 1978-ൽ എസ്എഫ്‌ഐയുടെ ദേശീയ ജോയിൻറ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 1986-ൽ എസ്എഫ്‌ഐ ദേശീയ പ്രസിഡൻറായി. 1984-ൽ 32ാം വയസ്സിലാണ് സിപിഎം കേന്ദ്രക്കമ്മിറ്റി അംഗമായത്. 1988-ൽ തിരുവനന്തപുരത്ത് നടന്ന പാർട്ടി കോൺഗ്രസിൽ കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗമായി. 1992-ൽ മദ്രാസിൽ നടന്ന പാർട്ടി കോൺഗ്രസിൽ പൊളിറ്റ് ബ്യൂറോ അംഗമായി. 2015-ൽ വിശാഖപട്ടണം പാർട്ടി കോൺഗ്രസിൽ പ്രകാശ് കാരാട്ടിൽ നിന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി പദവി യെച്ചൂരി ഏറ്റെടുത്തു. 2018-ൽ ഹൈദരാബാദിലെ പാർട്ടി കോൺഗ്രസിൽ വീണ്ടും സിപിഎം ദേശീയ അധ്യക്ഷനായി. 2022-ൽ കണ്ണൂർ പാർട്ടി കോൺഗ്രസിൽ മൂന്നാം വട്ടവും പാർട്ടി ദേശീയ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. പീപ്പിൾസ് ഡെമോക്രസി വാരികയുടെ എഡിറ്ററായിരുന്നു. 

2005-ൽ പശ്ചിമ ബംഗാളിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്നു. പ്രമുഖ മാധ്യമ പ്രവർത്തക സീമാ ചിത്സിയാണ് ഭാര്യ. അന്തരിച്ച മാധ്യമപ്രവർത്തകൻ ആശിഷ് യെച്ചൂരി, ഡോ. അഖിലാ യെച്ചൂരി, ഡാനിഷ് എന്നിവർ മക്കളാണ്.

Leave a Reply

Your email address will not be published. Required fields are marked *