സിഖ് വിരുദ്ധ കലാപം; മുൻ കോൺഗ്രസ് എംപി സജ്ജൻ കുമാറിന് ജീവപര്യന്തം

1984ലെ സിഖ് വിരുദ്ധ കലാപത്തിനിടെ സരസ്വതി വിഹാറിൽ രണ്ടുപേർ കൊല്ലപ്പെട്ട സംഭവത്തിൽ മുൻ കോൺഗ്രസ് എംപി സജ്ജൻ കുമാറിന് ജീവപര്യന്തം ശിക്ഷ. പ്രത്യേക ജഡ്‌ജി കാവേരി ബവേജയാണ് വിധി പ്രഖ്യാപിച്ചത്. നേരത്തേ സജ്ജൻ കുമാർ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കലാപത്തിൽ സജ്ജൻ കുമാ‌ർ ഭാഗമായെന്നും ആൾക്കൂട്ടത്തിന് നേതൃത്വം നൽകിയെന്നും കോടതി പറഞ്ഞിരുന്നു.

സിഖ് വിരുദ്ധ കലാപത്തിനിടെ ഡൽഹിയിലെ സരസ്വതി വിഹാറിൽ 1984 നവംബർ ഒന്നിന് അച്ഛനെയും മകനെയും കൊലപ്പെടുത്തിയ കേസിലാണ് ജീവപര്യന്തം വിധിച്ചത്. ജസ്വന്ത് സിംഗ്, തരുൺദീപ് സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്. പഞ്ചാബി ഭാഗ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത കേസ് പിന്നീട് പ്രത്യേക അന്വേഷണ സംഘം ഏറ്റെടുത്തു. 2021 ഡിസംബർ 16ന് സജ്ജൻ കുമാർ പ്രഥമദൃഷ്‌ട്യാ കുറ്റക്കാരനാണെന്ന് കോടതി പറഞ്ഞിരുന്നു.

1984 ഒക്‌ടോബർ 31ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ സിഖ് അംഗരക്ഷകർ വെടിവച്ച് കൊലപ്പെടുത്തിയതിനെ തുടർന്നാണ് കലാപം ഉണ്ടായത്. ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യാൻ സായുധരായ ഒരു കൂട്ടം ആളുകൾ സിഖുകാരുടെ സ്വത്തുവകകൾ വൻ തോതിൽ കൊള്ള നടത്തിയെന്നും നശിപ്പിച്ചുവെന്നും പ്രോസിക്യൂഷൻ ആരോപിച്ചിരുന്നു. അതിനിടെയാണ് ജസ്വന്ത് സിംഗും മകനും കൊല്ലപ്പെട്ടത്. അക്രമികൾ ഇവരുടെ വീട് കൊള്ളയടിക്കുകയും തീവയ്‌ക്കുകയും ചെയ്‌തു. ജസ്വന്ത് സിംഗിന്റെ ഭാര്യയാണ് പരാതിക്കാരി.

Leave a Reply

Your email address will not be published. Required fields are marked *