സഹോദരന്റെ ഭാര്യയുമായി അവിഹിതമില്ല; സത്യം തെളിയിക്കാൻ ‘അഗ്നിപരീക്ഷ’, ചടങ്ങിന് ഗ്രാമുഖ്യൻ ഫീസ് വാങ്ങിയത് 11 ലക്ഷം

പവിത്രമായ ക്ഷേത്രമാണ് കുടുംബമെങ്കിൽ അതിലെ ദേവിയാണ് സ്ത്രീയെന്നാണ് ഭാരതീയ സങ്കൽപ്പം. പവിത്രതയും പരിശുദ്ധിയും ഇവിടെ ഉദ്ഘോഷിക്കപ്പെടുന്നു. പുരാണങ്ങളിൽ ഭൂമിദേവിയുടെ മകളെന്നു പറയുന്ന സീതയ്ക്ക് അഗ്നിപരീക്ഷണം നേരിടേണ്ടിവന്നിട്ടുണ്ട്. രാവണന്റെ ലങ്കയിൽ നിന്നു രക്ഷപ്പെടുത്തികൊണ്ടുവന്ന തന്റെ ഭാര്യയുടെ പാതിവ്രത്യശുദ്ധി തെളിയിക്കാൻ ശ്രീരാമൻ സീതയോട് അഗ്നിപരീക്ഷ നടത്താൻ ആവശ്യപ്പെട്ടു. ഭർത്താവിന്റെ ആജ്ഞ ശിരസാവഹിച്ച സീത അഗ്നിശുദ്ധി വരുത്തി തന്റെ പാതിവ്രത്യം തെളിയിക്കുകയും ചെയ്തു.

ഇതിനു സമാനമായ സംഭവം കഴിഞ്ഞ ദിവസം തെലങ്കാനയിൽ നടന്നു. ഇവിടെ സ്ത്രീയല്ല, പുരുഷനാണ് അഗ്നിപരീക്ഷ നേരിടേണ്ടിവന്നത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയായി കഴിഞ്ഞു. തെലങ്കാനയിലെ മുലുഗുവിലാണു സംഭവം. സഹോദരന്റെ ഭാര്യയുമായി ബന്ധമുണ്ടെന്ന് ആരോപണം നേരിടുന്ന ഗംഗാധർ അഗ്നിപരീക്ഷയ്ക്കു വിധേയനാകാൻ കൽപ്പിച്ചത് ഗ്രാമത്തലവന്മാരാണ്. സഹോദരന്റെ ഭാര്യയുമായി ബന്ധമില്ലെന്നും തന്റെ ഭാര്യയെ വഞ്ചിട്ടില്ലെന്നും തെളിയിക്കാനുമാണ് ഗംഗാധർ ക്രൂരമായ പീഡനം ഏറ്റുവാങ്ങിയത്.

വിശാലമായ പാടത്തിന്റെ നടുവിൽ കുട്ടിയിട്ട തീക്കനലിനു ചുറ്റും നനഞ്ഞ വസ്ത്രം ധരിച്ച് കൈ കൂപ്പി വലം വയ്ക്കുന്നതും കനലിനു നടുവിൽ വച്ച ചുട്ടുപഴുത്ത ഇരുമ്പുദണ്ഡ് എടുത്തുമാറ്റുന്നതും ശേഷം കൈ ശരീരത്തോടു ചേർത്തുവച്ചു നടന്നുപോകുന്നതും വീഡിയോയിൽ കാണാം. ട്വിറ്ററിൽ പങ്കുവച്ച വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. വ്യാപക പ്രതിഷേധമാണ് ഉണ്ടായത്. ഇതാണ് ഡിജിറ്റൽ ഇന്ത്യയിലെ സാക്ഷരതാനിലവാരം എന്നാണ് ഒരു കമന്റെ്. രാജ്യത്ത് ഇതുപോലുള്ള നൂറു കണക്കിന് ഗോത്രങ്ങളുണ്ടെന്നും അവിടെയെല്ലാം ഭരണം നടത്തുന്നത് സമുദായത്തലവന്മാരാണെന്നും ഇത്തരം ആളുകൾ ജനങ്ങളെ ചൂഷണം ചെയ്താണ് ജീവിക്കുന്നതെന്നും ചിലർ വെളിപ്പെടുത്തുന്നു.

അതേസമയം, അഗ്നിപരീക്ഷ നടത്തിയിട്ടും ഗംഗാധർ നിരപരാധിയാണെന്ന് അംഗീകരിക്കാൻ ഗ്രാമമുഖ്യന്മാർ തയാറായില്ല. കുറ്റം തെളിയിക്കുന്നതിന്റെ ഭാഗമായി ഗംഗാധറിന്റെ പക്കൽനിന്ന് 11 ലക്ഷം രൂപ ഗ്രാമത്തലവന്മാർ കൈക്കലാക്കുകയും ചെയ്തു..!

Leave a Reply

Your email address will not be published. Required fields are marked *