ഷിൻഡെ വിഭാഗത്തിൽ നിന്നും ആറോളം എം.എൽ.എമാർ ഉദ്ധവ് താക്കറെയുടെ പക്ഷത്തേക്ക് കൂടുമാറ്റം നടത്താൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്

ശിവസേന ഏക്നാഥ് ഷിൻഡെ വിഭാഗത്തിൽ നിന്നും ആറോളം എം.എൽ.എമാർ ഉദ്ധവ് താക്കറെയുടെ പക്ഷത്തേക്ക് കൂടുമാറ്റം നടത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഉദ്ധവ് താക്കറെയുടെ വിഭാഗത്തിലേക്ക് പോകാൻ എം.എൽ.എമാർ താൽപര്യം പ്രകടിപ്പിച്ചുവെന്നാണ് നിലവിലെ സൂചന. അതേസമയം, എം.എൽ.എമാരുടെ വരവിൽ ഉദ്ധവ് താക്കറെ തീരുമാനമെടുത്തിട്ടില്ല.

കൂടാതെ അജിത് പവാർ പക്ഷത്തുനിന്ന് 15ഓളം എം.എൽ.എമാർ ശരത് പവാറിനൊപ്പം പോകാൻ ഒരുങ്ങുകയാണെന്നും റിപ്പോർട്ടുണ്ടായിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിൽ അജിത് പവാർ വിഭാഗത്തിന് ദയനീയ തോൽവിയുണ്ടായതോടെയാണ് കൂടുമാറ്റത്തിനുള്ള നീക്കം തുടങ്ങിയത്. തെരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ വിജയിക്കാൻ മാത്രമാണ് അജിത് പവാറിന് സാധിച്ചത്.

നിരവധി നേതാക്കൾ തങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ജൂൺ ഒമ്പതിന് നടക്കുന്ന യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് എൻ.സി.പി ശരത് പവാർ പക്ഷം നേതാവ് ജയന്ത് പാട്ടീൽ പറഞ്ഞു. മഹാരാഷ്ട്രയിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സഖ്യത്തിന് 17 സീറ്റിൽ വിജയിക്കാൻ മാത്രമാണ് സാധിച്ചത്.

അതേസമയം, മഹാവികാസ് അഖാഡി സഖ്യം 30 സീറ്റിൽ വിജയിച്ചിരുന്നു. തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയാണെന്ന് ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് വ്യക്തമാക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *