ശബരിമല തീര്‍ഥാടകര്‍ ട്രെയിനില്‍ കര്‍പ്പൂരം കത്തിച്ച് പൂജ ചെയ്താല്‍ ശിക്ഷ; ആയിരം രൂപ പിഴയോ മൂന്നുവര്‍ഷം തടവോ ആയിരിക്കും ശിക്ഷ

ശബരിമല തീര്‍ഥാടകര്‍ ട്രെയിനില്‍ കര്‍പ്പൂരം കത്തിച്ച് പൂജ ചെയ്താല്‍ ശിക്ഷ. ആയിരം രൂപ പിഴയോ മൂന്നുവര്‍ഷം തടവോ ആയിരിക്കും ശിക്ഷ. ദക്ഷിണ റെയില്‍വേ ആണ് മുന്നറിയിപ്പ് നല്‍കിയത്. ശബരിമല ഭക്തര്‍ തീവണ്ടിയില്‍ കര്‍പ്പൂരം കത്തിച്ച് പൂജ നടത്തുന്നതായി വ്യാപകമായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ട്രെയിനിലും റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങളിലും തീ കൊളുത്തിയുള്ള പൂജകള്‍ നിരോധിച്ചിട്ടുണ്ട്.

അതേസമയം, മണ്ഡല മാസം ആരംഭിച്ചതോടെ സന്നിധാനത്ത് ഭക്തരുടെ തിരക്കാണ്. പല നാടുകളില്‍ നിന്നും അയ്യപ്പനെ കാണാന്‍ ഭക്തര്‍ എത്തിക്കൊണ്ടിരിക്കുകയാണ്. അതിനാല്‍ തന്നെ ഭക്തര്‍ക്ക് ഭഗവാന്റെ അനുഗ്രഹം ലഭ്യമാക്കുന്ന ക്രമീകരണങ്ങളാണ് സന്നിധാനത്ത് ഒരുക്കുന്നത്.

നെയ്യഭിഷേക സമയം കഴിഞ്ഞ് സന്നിധാനത്ത് എത്തുന്ന അയ്യപ്പന്‍മാര്‍ക്ക് ഭഗവാന് അഭിഷേകം ചെയ്ത നെയ്യ് വാങ്ങാന്‍ സൗകര്യം ആണ് പുതുതായി ഒരുങ്ങുന്നത്. നെയ്യ് വിതരണം ചെയ്യാനായി ദേവസ്വം ബോര്‍ഡ് കൗണ്ടര്‍ ഒരുക്കിയിട്ടുണ്ട്.

ആടിയശിഷ്ടം നെയ്യ് കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നത് സന്നിധാനത്ത് പടിഞ്ഞാറെ നടയിലും സന്നിധാനം പൊലീസ് സ്റ്റേഷന് സമീപത്തുമാണ്. ഭക്തര്‍ കൊണ്ടുവരുന്ന നെയ്യ് ഇവിടെ ഏല്‍പ്പിക്കാം. ഒരു മുദ്രയ്ക്ക് പത്തുരൂപ എന്ന കണക്കില്‍ അടച്ച് ആടിയനെയ്യ് കൈപ്പറ്റാം.

Leave a Reply

Your email address will not be published. Required fields are marked *