വ്യക്തിയുടെ സാഹചര്യം ചൂഷണംചെയ്യരുത്; പൊലീസുകാർ സദാചാര പൊലീസാകരുതെന്ന് സുപ്രിം കോടതി

പൊലീസ് ഉദ്യോഗസ്ഥർ സദാചാര പൊലീസാകരുതെന്ന് കർശന നിർദ്ദേശവുമായി സുപ്രിം കോടതി. വ്യക്തിയുടെ അവസ്ഥയെ ചൂഷണം ചെയ്ത് ശാരീരികമോ, ഭൗതികമോ ആയ ആവശ്യങ്ങൾ മുന്നോട്ട് വെക്കുന്നതും തെറ്റാണ്. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന്റെതാണ് ഉത്തരവ്. ഗുജറാത്തിൽ സദാചാര പൊലീസിംഗിന്റെ പേരിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട നടപടി ശരിവെച്ചാണ് കോടതി ഉത്തരവ്. സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥനെതിരേ അച്ചടക്ക നടപടിയെടുത്ത് പിരിച്ചുവിട്ട നടപടി ഹൈക്കോടതി റദ്ദാക്കുകയും തിരിച്ചെടുക്കാൻ നിർദേശം നൽകുകയും ചെയ്തിരുന്നു. ഇതിനെതിരേ സി.ഐ.എസ്.എഫ്. നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധി അസാധുവാക്കിക്കൊണ്ട് സുപ്രീം കോടതിയുടെ നിരീക്ഷണം.

സി.ഐ.എസ്.എഫിന്റെ ഐ.ബി.സി.എൽ ടൗൺഷിപ്പിൽ വഡോദരയിൽ ജോലി ചെയ്തിരുന്ന സന്തോഷ് കുമാർ പാണ്ഡേ എന്ന സി.ഐ.എസ്.എഫ്. കോൺസ്റ്റബിൾ അതുവഴി പോയ ഒരു കാമുകീകാമുകന്മാരുടെ വാഹനം തടഞ്ഞുനിർത്തുകയും മോശംരീതിയിൽ പെരുമാറുകയും ചെയ്തിരുന്നു. പെൺകുട്ടിയെയും കാമുകനെയും വിട്ടയക്കാൻ ഇവരിൽനിന്ന് ഒരു വാച്ച് പ്രതിഫലമായി വാങ്ങുകയും ചെയ്തു. സംഭവം പരാതിയായി. തുടർന്ന് സി.ഐ.എസ്.എഫ്. പരാതി പരിഹാരസമിതി രൂപവത്കരിക്കുകയും ഇതിന്റെ നിർദേശപ്രകാരം സന്തോഷിനെ പിരിച്ചുവിടുകയും ചെയ്തു. 

Leave a Reply

Your email address will not be published. Required fields are marked *